പരപ്പയിലും ചീമേനിയിലും ബസ്സ്റ്റാൻഡ് സ്വപ്നം ഇനിയും അകലെ...
1597865
Wednesday, October 8, 2025 12:59 AM IST
പരപ്പ/ ചീമേനി: വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും പരപ്പയിലും ചീമേനിയിലും ബസ്സ്റ്റാൻഡ് എന്ന സ്വപ്നം അകലെത്തന്നെ. രണ്ടിടങ്ങളിലും ബസ്സ്റ്റാൻഡിന് സ്ഥലമായിട്ട് വർഷങ്ങളായെങ്കിലും നിർമാണപ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.
പരപ്പയിൽ ബസ്സ്റ്റാൻഡ് നിർമിക്കുന്നതിനായി 15 വർഷം മുമ്പ് സ്വകാര്യ വ്യക്തികൾ കിനാനൂർ-കരിന്തളം പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയ 60 സെന്റോളം സ്ഥലം ഇപ്പോഴും കാടുപിടിച്ചുകിടക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനെ കൊണ്ടുവന്ന് ഇവിടെ ബസ്സ്റ്റാൻഡിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പഞ്ചായത്തിൽ ഭരണമാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ബസ്സ്റ്റാൻഡിന്റെ നിർമാണപ്രവർത്തനങ്ങളൊന്നും നടന്നില്ല.
പഞ്ചായത്ത് ഈ സ്ഥലത്ത് ബസ്സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്നില്ലെങ്കിൽ സ്ഥലം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സൗജന്യമായി സ്ഥലം നൽകിയ പാലക്കുടിയിൽ ജോയി, കുരിക്കൾ വീട്ടിൽ വേണു, കുരിക്കൾ വീട്ടിൽ തമ്പാൻ എന്നിവർ ഈ വർഷമാദ്യം രംഗത്തെത്തിയിരുന്നു. ബസ്സ്റ്റാൻഡ് നിർമാണം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ടൗണിലെ വ്യാപാരികളും വിവിധ സംഘടനകളും സമരപരിപാടികളും നടത്തി.
തൊട്ടുപിന്നാലെ ഉടൻതന്നെ ബസ്സ്റ്റാൻഡിന്റെ നിർമാണം തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചെങ്കിലും അതും വെറുംവാക്കായി.
സമീപഭാവിയിൽ പരപ്പ മറ്റൊരു പഞ്ചായത്തായി വേറിട്ടുപോകാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇവിടുത്തെ ആസ്തികൾക്കുവേണ്ടി കൂടുതൽ പണം ചെലവഴിക്കാൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതെന്ന വാദം വർഷങ്ങളായി പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ പരപ്പക്കാരെ സംബന്ധിച്ചിടത്തോളം ഓരോ പുതിയ തെരഞ്ഞെടുപ്പ് വരുമ്പോഴും പുതിയ പഞ്ചായത്തുമില്ല ബസ്സ്റ്റാൻഡുമില്ല എന്നതാണ് അവസ്ഥ. ദീർഘദൂര ബസുകളുൾപ്പെടെ പരപ്പയിൽ പാർക്ക് ചെയ്യുന്നുണ്ടെങ്കിലും ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ടൗണിൽ കിട്ടുന്നില്ല.
ചീമേനിയിൽ ബസ്സ്റ്റാൻഡ് നിർമാണത്തിനായി പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് വിട്ടുകിട്ടിയ രണ്ടര ഏക്കർ സ്ഥലത്ത് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി എം. രാജഗോപാലൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.6 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയും സമീപന റോഡ് നിർമിക്കുകയും ചെയ്തിട്ടുണ്ട്. നിർദിഷ്ട ബസ്സ്റ്റാൻഡിനോടുചേർന്ന് ഓപ്പൺ ഓഡിറ്റോറിയവും ശുചിമുറി സമുച്ചയവും നിർമിക്കുകയും ചെയ്തു.
എന്നാൽ ബസ്സ്റ്റാൻഡ് കെട്ടിടവും യാർഡും മാത്രം ആയില്ല. ഇതിനായി ഒമ്പത് കോടി രൂപയുടെ എസ്റ്റിമേറ്റാണ് പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. വർഷത്തിൽ കഷ്ടിച്ച് ഒന്നരക്കോടി രൂപ മാത്രം തനതു ഫണ്ടുള്ള പഞ്ചായത്തിന് ഈ തുക കണ്ടെത്താൻ ഇതുവരെ വഴിയൊന്നുമായിട്ടില്ല. പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതുവരെ അത് ഫലം കണ്ടിട്ടില്ല.
കിട്ടിയ തുക കൊണ്ട് ഓപ്പൺ ഓഡിറ്റോറിയം പണിതതിനു പകരം ബസ്സ്റ്റാൻഡ് യാർഡിന്റെ നിർമാണം പൂർത്തിയാക്കി ഏതാനും ബസ് ഷെൽട്ടറുകളെങ്കിലും നിർമിച്ചിരുന്നെങ്കിൽ ബസുകൾക്ക് പാർക്കിംഗിനും ആളുകൾക്ക് മഴയും വെയിലും കൊള്ളാതെ നിൽക്കുന്നതിനും ഇടമുണ്ടാകുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.