ശാസ്ത്ര, സാങ്കേതിക പഠനപദ്ധതികള്‍ മാതൃഭാഷയില്‍ തയാറാക്കണം
1598598
Friday, October 10, 2025 7:33 AM IST
പെരിയ: ശാസ്ത്രസാങ്കേതിക പഠനപദ്ധതികള്‍ മാതൃഭാഷയില്‍ തയാറാക്കണമെന്ന് കേന്ദ്ര സര്‍വകലാശാലയിലെ ശില്പശാലയില് ആവശ്യം. ഇതില്‍ ഗവേഷകരുടെയും ഭാഷാശാസ്ത്ര പണ്ഡിതരുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്ര വിഭാഗവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരതീയ ഭാഷകളിലെ ഏകീകൃത ശാസ്ത്ര സാങ്കേതിക പദാവലി എന്ന വിഷയത്തിലുള്ള ശില്പശാലയിലാണ് ആവശ്യമുയര്‍ന്നത്.
ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ഭാരതീയ ഭാഷകളിലൂടെ സാധ്യമാണെന്നും ഈ മാറ്റത്തിലേക്കുള്ള തയാറെടുപ്പ് ദേശീയ തലത്തില്‍ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പാഠപുസ്തകങ്ങളും പ്രവേശന പരീക്ഷകളും എല്ലാ ഭാഷകളിലും ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. ഭാഷാ വികസനം മുന്‍ കാലങ്ങളില്‍ സാഹിത്യമേഖലയില്‍ മാത്രമായി പരിമിതപ്പെട്ടു.
മറ്റു ഭാഷകളില്‍ നിന്നും വാക്കുകള്‍ സ്വീകരിച്ച് മലയാള ഭാഷ വളര്‍ന്നപ്പോഴും ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഇതുണ്ടായില്ല. -അദ്ദേഹം വിശദീകരിച്ചു.
സംസ്കൃത പ്രഫസറും ദേശീയ സംസ്കൃത സമിതി അംഗവുമായ ഡോ. എം.വി.നടേശന്, സാമൂഹ്യ ശാസ്ത്രജ്ഞന് പ്രഫ. രാഘവന് പയ്യനാട്, രജിസ്ട്രാര്‍ ഡോ. ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, അസോസിയേറ്റ് പ്രഫസര്‍ ഡോ.പി. ശ്രീകുമാര്‍, വിദ്യാര്‍ഥിനി സഞ്ജന രാജന് എന്നിവര്‍ സംസാരിച്ചു. പ്രഫ.സി.എ.ജോസുകുട്ടി, ഡോ. കെ.രാജേഷ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ശില്പശാല ഇന്നു സമാപിക്കും.