പണിതിട്ടും പണിതിട്ടും പണിതീരാതെ ശ്രീകൃഷ്ണമന്ദിർ റോഡ്
1598136
Thursday, October 9, 2025 12:58 AM IST
കാഞ്ഞങ്ങാട്: നഗരത്തിൽ പ്രധാനപാതയിലെ തിരക്കിൽ നിന്നൊഴിവാകാൻ ചെറുവാഹനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന കോട്ടച്ചേരി ബസ്സ്റ്റാൻഡ്- ശ്രീകൃഷ്ണമന്ദിർ- പുതിയകോട്ട റോഡ് നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിട്ട് ഏഴുമാസമാകുന്നു. ഓവുചാൽ നിർമാണവും ചില ഭാഗങ്ങളിൽ കോൺക്രീറ്റിംഗും മറ്റിടങ്ങളിൽ മെക്കാഡം ടാറിംഗും നടത്തി റോഡ് നവീകരിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്.
ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയ ഭാഗങ്ങളെങ്കിലും എത്രയും പെട്ടെന്ന് തുറന്നുനൽകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ കഴിഞ്ഞ ദിവസം മുതൽ ഈ റോഡിലേക്ക് തുറക്കുന്ന സമീപ റോഡുകൾകൂടി മണ്ണിട്ടും കല്ല് നിരത്തിയും ബോർഡ് സ്ഥാപിച്ചുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും ഇതുവഴി പോകാൻ കഴിയാതായി.
പ്രധാന പാതയുടെ സമാന്തര റോഡ് എന്നതിനൊപ്പം ദുർഗ ഹയർ സെക്കൻഡറി സ്കൂളിലേക്കും മേലാങ്കോട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂർ, കാരാട്ടുവയൽ ഭാഗങ്ങളിലേക്കും എത്താനുള്ള പ്രധാന റോഡെന്ന നിലയിലും നൂറു കണക്കിന് വാഹനയാത്രക്കാർ പ്രതിദിനം ഉപയോഗിച്ചിരുന്ന റോഡാണ് ഇപ്പോൾ പൂർണമായും അടച്ചിട്ടത്.
ഈ റോഡിൽ നിന്നും മേലാങ്കോട്ട് ഭാഗത്തേക്ക് പോകുന്ന ദേവൻ റോഡ്, മെയിൻ റോഡിലെ പഴയ എൽഐസി ഓഫീസ് പരിസരത്തുനിന്നുള്ള ലിങ്ക് റോഡ്, മഹാകവി പി സ്മാരകത്തിന് മുന്നിലൂടെയുള്ള റോഡ്, വ്യാപാരഭവനു സമീപത്തുകൂടിയുള്ള ലിങ്ക് റോഡ് എന്നിവയിൽ നിന്നും ഈ റോഡിലേക്ക് തുറക്കുന്ന ഭാഗങ്ങളെല്ലാം ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്കുപോലും പ്രവേശിക്കാൻ കഴിയാത്തവിധം കെട്ടിയടച്ച നിലയിലാണ്.
ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവരും മാസങ്ങളായി റോഡ് അടച്ചിട്ടതിന്റെ ദുരിതം സഹിക്കുകയാണ്. ഈ റോഡുകൾക്ക് സമീപം താമസിക്കുന്നവർക്ക് സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാനും കഴിയുന്നില്ല. ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഭാഗികമായെങ്കിലും തുറന്നുകൊടുക്കാൻ ഇനിയും ഒരു മാസം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. അപ്പോഴേക്കും നഗരസഭാ തെരഞ്ഞെടുപ്പ് വന്നാൽ ഇപ്പോഴുള്ളവർക്ക് അത് പറഞ്ഞൊഴിയാമല്ലോ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
000