ഉഡുപ്പി-കരിന്തളം വൈദ്യുതലൈൻ: നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടനെന്ന് വൈദ്യുതി മന്ത്രി
1598137
Thursday, October 9, 2025 12:58 AM IST
കാസർഗോഡ്: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കർഷകർക്കും സ്ഥല ഉടമകൾക്കുമുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം ടവറുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ഭൂമിയുടെ ന്യായവിലയുടെ നാലു മടങ്ങിന്റെ 85 ശതമാനം (ന്യായവിലയുടെ 340 ശതമാനം) നഷ്ടപരിഹാരമായി നൽകും. ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭൂമിയുടെ ന്യായവിലയുടെ 60 ശതമാനം നൽകും.
നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ന്യായവില സെന്റിന് 7,000 രൂപയായിരിക്കും. മരങ്ങൾ മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം അതാത് ജില്ലാ കളക്ടർമാർ നിശ്ചയിക്കുന്ന നിരക്കുകൾ പ്രകാരം നൽകും. ലൈനിന് താഴെ വരുന്ന വീടുകൾക്ക് രണ്ട് ലക്ഷം രൂപയുടെ അധിക നഷ്ടപരിഹാരം നൽകും.
കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലൂടെ 68 കിലോമീറ്റർ ദൂരത്തിലും കാസർഗോഡ് ജില്ലയിലൂടെ 47 കി.മി ദൂരത്തിലുമാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. ഈ ലൈനിന്റെ തുടർച്ചയായാണ് കെഎസ്ഇബിക്കു കീഴിൽ കരിന്തളം-വയനാട് 400 കെവി ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നത്.