ഓണച്ചന്ത: സാധനങ്ങൾ സഹകരണ സംഘങ്ങളിൽ കെട്ടിക്കിടക്കുന്നതായി പരാതി
1598140
Thursday, October 9, 2025 12:58 AM IST
കാസർഗോഡ്: ജില്ലയിൽ കൺസ്യൂമർ ഫെഡിനു കീഴിൽ പ്രവർത്തിച്ച ഓണച്ചന്തകളിൽ വില്പന നടത്താനായി എത്തിച്ച സാധനങ്ങളിൽ നല്ലൊരു ഭാഗവും സഹകരണസംഘങ്ങളിൽ കെട്ടിക്കിടക്കുന്നതായി പരാതി. സംഘങ്ങളുടെ പ്രവർത്തന പരിചയവും ബന്ധപ്പെട്ട സ്ഥലങ്ങളിലെ വിപണന സാധ്യതകളുമൊന്നും പരിഗണിക്കാതെ ആവശ്യത്തിലധികം സാധനങ്ങൾ വില്പനയ്ക്കായി എത്തിച്ചതാണ് ഇവ ബാക്കിയാവാൻ കാരണമായതായി പറയുന്നത്.
ഇവ കൺസ്യൂമർഫെഡ് തിരിച്ചെടുക്കണമെന്നാണ് സഹകരണ സംഘങ്ങളുടെ ആവശ്യം. എന്നാൽ അതത് സംഘങ്ങൾ ആവശ്യപ്പെട്ട അളവിലാണ് സാധനങ്ങൾ നൽകിയതെന്നും ഇനി ഇവ തിരിച്ചെടുക്കാനാവില്ലെന്നുമാണ് കൺസ്യൂമർഫെഡ് അധികൃതരുടെ വിശദീകരണം. അതേസമയം സാധനങ്ങൾ വില്പന നടത്താനാകാതെ കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കൺസ്യൂമർഫെഡ് അധികൃതർ സമ്മതിക്കുന്നുണ്ട്.
13 ഇനം നിതോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റുള്ളവ വിപണിവിലയേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ കുറവിലുമാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ വഴി വില്പന നടത്തിയത്. ഇതിൽ സബ്സിഡിയില്ലാത്ത സാധനങ്ങളാണ് കൂടുതലും വില്പന നടത്താനാകാതെ കെട്ടിക്കിടക്കുന്നത്.
നിശ്ചിത അളവിൽ സബ്സിഡി സാധനങ്ങൾ എടുക്കുമ്പോൾ അതിനൊത്ത അളവിൽ സബ്സിഡിയില്ലാത്ത സാധനങ്ങളും എടുക്കണമെന്ന് കൺസ്യൂമർഫെഡ് അധികൃതർ നിർബന്ധം പിടിച്ചിരുന്നതായാണ് ചില ചെറുകിട സംഘങ്ങളിലുള്ളവരുടെ പരാതി. എന്നാൽ ഇക്കാര്യം കൺസ്യൂമർഫെഡ് അധികൃതർ നിഷേധിക്കുകയാണ്.
ബേഡഡുക്ക പഞ്ചായത്തിലെ ഒരു സ്ഥാപനത്തിൽ മാത്രം അഞ്ചു ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങൾ കെട്ടിക്കിടക്കുന്നതായാണ് സൂചന. മറ്റു പല സ്ഥലങ്ങളിലും ഇതിനോടടുത്ത അളവിൽതന്നെ സാധനങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. എടുത്ത സാധനങ്ങൾക്കെല്ലാം കൺസ്യൂമർ ഫെഡ് നിശ്ചയിച്ച മൊത്തവില അതത് സംഘങ്ങളിൽ നിന്ന് അപ്പോൾത്തന്നെ ഈടാക്കിയിരുന്നു.
അതുകൊണ്ടുതന്നെ സാധനങ്ങൾ വിറ്റുപോയില്ലെങ്കിലും ഇനി കൺസ്യൂമർഫെഡിന് നഷ്ടമില്ല. ഈ സാധനങ്ങളുടെയെല്ലാം വില കൺസ്യൂമർഫെഡിന്റെ ഓണക്കാലത്തെ വിറ്റുവരവിൽ ഉൾപ്പെടുത്തുകയും ചെയ്തു. സാധനങ്ങൾ സഹകരണസംഘങ്ങളുടെ ഗോഡൗണുകളിൽ കിടന്നുനശിച്ചാലും ഇനി അതിന്റെ നഷ്ടം അതത് സംഘങ്ങൾക്ക് മാത്രമാണെന്ന നിലയാണ്. ജില്ലയിൽ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിലും പലവക സംഘങ്ങളിലുമായി 77 ഓണച്ചന്തകളാണ് കൺസ്യൂമർ ഫെഡിനു കീഴിൽ ഇത്തവണ നടത്തിയത്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലിന് ഉത്രാടദിനം വരെയാണ് ഓണച്ചന്തകൾ പ്രവർത്തിച്ചത്.