ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം പദ്ധതി കടലാസില്‍ ഒതുങ്ങി
1598589
Friday, October 10, 2025 7:32 AM IST
കാസര്‍ഗോഡ്: ജില്ലയിലെ ടൂറിസം പദ്ധതികള്‍ ബേക്കല്‍ കോട്ടയിലും റാണിപുരത്തും മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം പദ്ധതി എന്ന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. കഴിഞ്ഞമാസം ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം വിലയിരുത്താനെത്തിയ ജോയിന്റ് സെക്രട്ടറി സന്ദര്‍ശിച്ചതും ബേക്കല്‍ ബീച്ചും റാണിപുരവും മാത്രമായിരുന്നു. ഇതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അവഗണന നേരിടുന്ന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കുമ്പള പഞ്ചായത്തിലെ ആരിക്കാടി കോട്ട തന്നെ ഇതിന് ഉദാഹരണമാണ്. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് കുമ്പള പഞ്ചായത്തില്‍ ടൂറിസം പദ്ധതിയായി തെരഞ്ഞെടുത്തത് ആരിക്കാടി കോട്ടയെ ആയിരുന്നു. ഈ നിര്‍ദേശം കുമ്പള പഞ്ചായത്ത് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വിശാലമായ കുമ്പള തീരദേശത്തെ കടല്‍ത്തീരവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷനും ദേശീയപാതയുമെല്ലാം വിനോദസഞ്ചാരത്തിന് അനുകൂലമായ ഘടകമായതിനാലാണ് ആരിക്കാടി കോട്ടയെ പഞ്ചായത്ത് പദ്ധതിക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ അനുകൂലമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.
കാസര്‍ഗോഡ് നഗരസഭ സമര്‍പ്പിച്ച പദ്ധതികളുടെ സ്ഥിതിയും ഇതുതന്നെയാണ്. തളങ്കര പുഴയും ബീച്ചും സംയോജിപ്പിച്ചുള്ള ഹാര്‍ബര്‍ നവീകരണ ടൂറിസം പദ്ധതിയും നെല്ലിക്കുന്നിലെ വിശാലമായ കടല്‍ത്തീരം ടൂറിസം പദ്ധതിയും കടലാസില്‍ ഒതുങ്ങി. നെല്ലിക്കുന്നില്‍ നഗരസഭ ആവിഷ്കരിച്ച ബീച്ച് കാര്‍ണിവലും വെളിച്ചം കാണാതെ പോയി.
മംഗല്പാടി പഞ്ചായത്തിലെ ഷിറിയ കണ്ടല്‍ക്കാട് ഹരിത ടൂറിസം പദ്ധതി, ഷിറിയ അണക്കെട്ട്, മഞ്ചേശ്വരം പഞ്ചായത്തിലെ കണ്വതീര്‍ഥ, പൈവളിഗെ പഞ്ചായത്തിലെ പൊസൊഡിഗുംപെ, ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്ക ബീച്ച്, പുല്ലൂര്‍-പെരിയയിലെ എയര്‍ സ്ട്രിപ്പ് ടൂറിസം പദ്ധതി, കുമ്പളയിലെ യക്ഷഗാന കലാ കേന്ദ്രം, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പുഴയോര ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളൊക്കെ ഈ പദ്ധതിയിലേക്ക് സമര്‍പ്പിച്ച് അനുമതി കാത്തുകിടക്കുകയാണ്.
ജില്ലയിലെ കടല്‍ത്തീരത്തുള്ള ഒന്‍പതോളം പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ടൂറിസം വികസനം നടപ്പിലാക്കാന്‍ ബിആര്‍ഡിസി (ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പറേഷന്) പദ്ധതി പ്രദേശമായി കണ്ടെത്തിയിരുന്നു. ഇതിനും ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ല.
ആകെ ഈ വര്‍ഷം പ്രഖ്യാപനമുണ്ടായത് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് ഡിടിപിസിക്ക് മൂന്നു വര്‍ഷത്തേക്ക് കൈമാറാന്‍ ധാരണയായത് മാത്രമാണ്. അതിനിടെ കുമ്പള കിദൂരിലെ ഏറെ പ്രതീക്ഷയോടെ കണ്ട പണി പൂര്‍ത്തിയായ സര്‍ക്കാരിന്റെ പക്ഷിഗ്രാമം പദ്ധതി ഉദ്ഘാടകനെയും കാത്തുനില്‍ക്കുന്നുണ്ട്. ഇതും തുറന്നുകൊടുക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.