കാട്ടിലെ പാമ്പുകളും നാട്ടിലേക്ക്; കുഴിമണ്ഡലിയുടെ കടിയേറ്റ് യുവാവ് ചികിത്സയിൽ
1597866
Wednesday, October 8, 2025 12:59 AM IST
ഇരിയ: മുൻകാലങ്ങളിൽ വനപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന മുഴമൂക്കൻ കുഴിമണ്ഡലി (ഹംപ് നോസ് പിറ്റ് വൈപ്പർ) യുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലും പതിവാകുന്നു. ഇരിയ മുട്ടിച്ചരലിൽ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിൽവച്ച് കുഴിമണ്ഡലിയുടെ കടിയേറ്റ യുവാവ് ഗുരുതര നിലയിൽ ചികിത്സയിലാണ്.
സ്വകാര്യ ബസ് ഡ്രൈവറായ മണ്ടേങ്ങാനത്തെ സുരേഷിനാണ് (43) കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലായിരുന്നു സംഭവം. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച സുരേഷിനെ പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തേ വനപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പാമ്പായതിനാലും കടിയേൽക്കുന്നവരുടെ എണ്ണം കുറവായിരുന്നതിനാലും ഈ പാമ്പിന്റെ വിഷത്തിനുള്ള ആന്റിവെനം ഇതുവരെ നിർമിച്ചിട്ടില്ല.
സാധാരണനിലയിൽ ഈ പാമ്പിന്റെ കടി അണലിയുടെയത്ര മാരകമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം സാധാരണ അണലിയുടെ വിഷത്തിനുള്ള ആന്റിവെനം കുത്തിവച്ചാൽ പ്രതിപ്രവർത്തനത്തിലൂടെ വിഷബാധ കൂടാനിടയുണ്ട്. അതുകൊണ്ടുതന്നെ ആന്റിവെനം കുത്തിവയ്ക്കാതെ വിഷബാധയ്ക്കുള്ള മറ്റു മരുന്നുകൾ മാത്രമാണ് കടിയേൽക്കുന്നവർക്ക് നൽകുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും അടുത്തിടെ ആളുകൾക്ക് ഈ പാമ്പിന്റെ കടിയേറ്റ സംഭവങ്ങളുണ്ടായിരുന്നു.