പ്രോബയോട്ടിക് ബോധവത്കരണവുമായി സെന്റ് പയസ് വിദ്യാർഥികൾ
1598594
Friday, October 10, 2025 7:33 AM IST
രാജപുരം: സെന്റ് പയസ് ടെൻത് കോളജ് മൈക്രോബയോളജി വിഭാഗവും മൈക്രോബയോളജിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പ്രോബയോ പലൂസ – മൈക്രോ കോൺക്ലേവ് 2025ന്റെ ഭാഗമായി ഗട്ട് ടോക്ക്സ് എന്ന പേരിൽ ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാതല പ്രോബയോട്ടിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അനുഗ്രഹപ്രഭാഷണം നടത്തി. മൈക്രോബയോളജി വിഭാഗം തലവൻ ഡോ. എൻ.വി. വിനോദ് പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ മൈക്രോബയോളജി വിഭാഗത്തിലെ അധ്യാപകരുടെ മാർഗനിർദേശത്തിൽ വിദ്യാർഥികൾ ജില്ലയിലെ 24ഓളം ഹയർ സെക്കൻഡറി സ്കൂളുകളിലെത്തി പ്രോബയോട്ടിക് അവബോധ പരിപാടികൾ നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സിനോഷ് സ്കറിയാച്ചൻ പ്രസംഗിച്ചു.
ശരിയായ ഭക്ഷ്യശീലങ്ങളില്ലായ്മ മൂലം വിവിധ രോഗങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ, പ്രോബയോട്ടിക്സിന്റെ ആരോഗ്യപ്രാധാന്യം, ദഹന സംവിധാനത്തിലെ പങ്ക്, കൂടാതെ അനുബന്ധ ശാസ്ത്രീയ വസ്തുതകൾ എന്നിവയെ ലളിതമായി വിദ്യാർഥികൾക്ക് മനസിലാക്കിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ലളിതമായ സ്ലൈഡ് പ്രസന്റേഷനുകൾ, ചെറു ക്വിസുകൾ, പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ പ്രദർശനങ്ങൾ എന്നിവയിലൂടെ ബോധവത്കരണം നടത്തി.