ട്രാക്കില്‍ സ്വര്‍ണം കൊയ്ത് സഹോദരങ്ങൾ
1598600
Friday, October 10, 2025 7:33 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസില്‍ നടന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയിലെ ട്രാക്കില്‍ ചേച്ചിയുടെയും അനുജന്റെയും സ്വര്‍ണക്കൊയ്ത്ത്. ആറു സ്വര്‍ണമെഡലുകളാണ് ഇരുവരും ചേര്‍ന്ന് ഓടിയെടുത്തത്.
ചായ്യോത്ത് ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എലിസബത്ത് മാത്യു നാലു സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അനുജന് ഇവാന് മാത്യു രണ്ടു സ്വര്‍ണമെഡലുകള്‍ നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100, 200, 400, 4x100 മീറ്റര്‍ റിലേ മത്സരങ്ങളിലാണ് എലിസബത്ത് സ്വര്‍ണമണിഞ്ഞത്.
സബ്ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടമത്സരങ്ങളിലാണ് ഇവാന്റെ സുവര്‍ണനേട്ടം. ജില്ലാ കായികമേളയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 100, 400 ഓട്ടമത്സരത്തിലെ സ്വര്‍ണമെഡല്‍ ജേതാവാണ് എലിസബത്ത്. കോഴിക്കോട് കിന്‍ഫ്ര ഐടി പാര്‍ക്കില്‍ ഐടി ഉദ്യോഗസ്ഥനായ എണ്ണപ്പാറ ആനക്കുഴിയിലെ ഇലഞ്ഞിക്കുഴിയില് മാത്യു തോമസിന്റെയും കുറ്റിക്കോല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. ജോമി തോമസിന്റെയും മക്കളാണ്. നീന്തല്‍ താരമായിരുന്ന ജോമി തോമസ് 1999ല്‍ ഇംഫാലില്‍ നടന്ന ദേശീയ ഗെയിംസില്‍ റിലേ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ കേരള ടീമംഗമാണ്.