നീലേശ്വരം റിംഗ് റോഡിന്റെ നിർമാണം വീണ്ടും ഇഴയുന്നു
1597864
Wednesday, October 8, 2025 12:59 AM IST
നീലേശ്വരം: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നു പ്രതീക്ഷിച്ച നീലേശ്വരം തെരു-തളിയിലമ്പലം റിംഗ് റോഡിന്റെ നിർമാണപ്രവൃത്തികൾ വീണ്ടും ഇഴയുന്നു. ദേശീയപാതയിൽ നിന്ന് അഞ്ഞൂറ്റമ്പലം - തെരു വഴി രാജാ റോഡ് വരെയുള്ള ഭാഗത്തെ ആദ്യഘട്ട ടാറിംഗ് ഏറെക്കുറെ പൂർത്തിയായെങ്കിലും മറുവശത്ത് തളിയിലമ്പലം ഭാഗത്തെ പ്രവൃത്തികൾ നിലച്ച മട്ടാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പെട്ടെന്ന് ടാറിംഗ് നടത്തിയ തെരു ഭാഗത്തെ റോഡിൽ ചിലയിടങ്ങളിൽ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
മഴ മാറിയതോടെ തളിയിലമ്പലം ഭാഗത്തെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും റോഡിൽനിന്നും പൊടി പറക്കുന്ന നിലയായി. കാൽനടയാത്ര പോലും ദുക്ഷ്കരമായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. മഴ മാറാത്തതാണ് നേരത്തേ പ്രവൃത്തികൾ തുടങ്ങാൻ തടസമായി പറഞ്ഞിരുന്നത്. ഇപ്പോൾ മഴ മാറി ദിവസങ്ങളായിട്ടും പണി തുടങ്ങുന്ന കാര്യത്തിൽ ഒന്നുമായിട്ടില്ല.
സമരം തുടങ്ങുമെന്ന് കോൺഗ്രസ്
നീലേശ്വരം: തളിയിലമ്പലം റിംഗ് റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രവൃത്തികൾ അന്തമായി നീണ്ടുപോകുന്നതിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ നഗരസഭാ അധികൃതരുടെ മൗനം പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, നേതാക്കളായ കെ.വി. ശശികുമാർ, കെ. കുഞ്ഞികൃഷ്ണൻ, കെ.വി. സുരേഷ് കുമാർ, സി. വിദ്യാധരൻ, എം.വി. ഗംഗാധരൻ, ഉണ്ണി വേങ്ങര എന്നിവർ പ്രസംഗിച്ചു.