കഴുത്തില്‍ ആഴ്ന്നിറങ്ങിയ കഠാരയുമായി രണ്ടു മണിക്കൂര്‍; മത്സ്യവ്യാപാരിക്ക് രക്ഷകനായി സുഹൃത്ത്
1597863
Wednesday, October 8, 2025 12:59 AM IST
കാസര്‍ഗോഡ്: തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് മത്സ്യവ്യാപാരിയായ ബദിയഡുക്കയിലെ അനില്‍കുമാറിനെ (30) മംഗളൂരുവിലെ എജെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതും കഴുത്തിനു പിന്നില്‍ 10 സെന്റിമീറ്റര്‍ ആഴത്തില്‍ കഠാര കുത്തിയിറക്കിയ നിലയില്‍. കൂടാതെ നെഞ്ചിലും വയറിലും കൈകളിലുമായി കുറഞ്ഞത് അഞ്ചു കുത്തേറ്റ മുറിവുകളില്‍ നിന്ന് രക്തസ്രാവമുണ്ടായി. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ അഹമ്മദ് അല്‍താഫ് (33) ഒപ്പം തന്നെയുണ്ടായിരുന്നു. സീതാംഗോളിയില്‍ നടന്ന ആക്രമണത്തില്‍ അനില്‍കുമാറിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത് അദ്ദേഹമായിരുന്നു.
കത്തിയില്‍ ഈര്ച്ചവാളിന്റേതു പോലുള്ള മുള്ളുകളുണ്ടായിരുന്നു. ആരെങ്കിലും അത് പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മുറിവിന്റെ ആഴം കൂടുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുമായിരുന്നു. തലച്ചോറിലേക്കും സുഷുമ്നാനാഡിയിലേക്കും വിതരണം ചെയ്യുന്ന പ്രധാന രക്തക്കുഴലുകളില്‍ മുറിയാതിരുന്നതും രക്ഷയായി. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കഠാര നീക്കം ചെയ്തു. മറ്റു മുറിവുകള്‍ തുന്നിക്കെട്ടി. അനില്‍കുമാര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കുമ്പള, ബദിയഡുക്ക പഞ്ചായത്തുകളിലെ ഹോട്ടലുകള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും മീന്‍ വിതരണം ചെയ്യുന്നയാളാണ് അനില്‍കുമാര്‍. ഞായറാഴ്ച രാത്രിയാണ് ബേള സ്വദേശി അക്ഷയുടെ (34) ഫോണ്‍ കോള്‍ അനിലിന് വരുന്നത്. സീതാംഗോളിയിലെ ഒരു ഹോട്ടല്‍ ഉടമയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ വരണമെന്നായിരുന്നു ആവശ്യം. അക്ഷയ് വാതുവെപ്പിലും പണമിടപാടിലും ഏര്‍പ്പെടുന്ന ആളാണ്.
അനിലാണ് ഹോട്ടല്‍ ഉടമയെ അക്ഷയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ മുമ്പ് ഏറ്റുമുട്ടിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് അക്ഷയും സഹായി മഹേഷും ബദിയഡുക്കയിലെ മീന്‍ കടയില്‍വച്ച് അനില്‍കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനില്‍ ഇരുവരെയും മര്‍ദ്ദിച്ചവശരാക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിന്റെ പകയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അനിലും അക്ഷയിയും മഹേഷും ബിജെപി ആഭിമുഖ്യമുള്ളവരാണ്. അതുകൊണ്ട് ഞായറാഴ്ച രാത്രി അക്ഷയ് വിളിച്ചപ്പോള്‍ അനിലിന് അത് അസാധാരണമായി തോന്നിയില്ല. എന്നിരുന്നാലും ബിസിനസ് പങ്കാളിയായ അല്‍താഫിനെ കൂടെ കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. അല്താഫിന്റെ ഥാര്‍ ജീപ്പിലായിരുന്നു യാത്ര. രാത്രി 11 ഓടെയാണ് ഇരുവരും സീതാംഗോളിയിലെ ടികെ ഹോട്ടലില്‍ എത്തിയത്.
അക്ഷയ്, മഹേഷ്, മറ്റ് 11 പേര് എന്നിവരെ അവിടെ കണ്ടു. അവരില്‍ കുറഞ്ഞത് ഏഴു പേരുടെയെങ്കിലും കൈവശം കഠാരകളോ നീളമുള്ള കത്തികളോ ഉണ്ടായിരുന്നതായി അല്‍താഫ് പറഞ്ഞു. എത്തിയ ഉടന്‍ തന്നെ അവര്‍ അനിലിനെ ജീപ്പില്‍ നിന്ന് വലിച്ചിറക്കി കുത്തിപരിക്കേല്‍പ്പിച്ചു. അജേഷ് എന്നയാളാണ് കഴുത്തിനു പിറകില്‍ കുത്തിയത്. അവരെ ഒരുവിധം തള്ളിമാറ്റി അനിലിനെ ജീപ്പിലേക്ക് വലിച്ചുകയറ്റി അവിടെ നിന്നും രക്ഷപെടുകയായിരുന്നു. കുമ്പളയിലെ സഹകരണാശുപത്രിയിലാണ് ആദ്യമെത്തിച്ചത്.
കത്തി വലിച്ചൂരാന്‍ പറഞ്ഞപ്പോള്‍ നില ഗുരുതരമാണെന്നും മംഗളൂരുവിലേക്ക് കൊണ്ടുപോകാനും ഡോക്ടര്‍മാര്‍ പറഞ്ഞു. അവിടെ നിന്ന് ആംബുലന്‍സില്‍ മംഗളുരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. അല്താഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് അക്ഷയിയെ അറസ്റ്റ് ചെയ്തു. ബാക്കി 12 പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.