വധശ്രമം: അഞ്ചുപേര്‍കൂടി അറസ്റ്റില്‍
1598602
Friday, October 10, 2025 7:33 AM IST
കാസര്‍ഗോഡ്: യുവാവിന്റെ കഴുത്തിനു പിന്നില്‍ കഠാര കുത്തിയിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പ്രതികള്‍ കൂടി അറസ്റ്റില്‍. മധൂര്‍ പട്ള കുതിരപ്പാടി സ്വദേശികളായ കെ.മഹേഷ് (32), പുരന്ദരഷെട്ടി (38), കെ.ആര്. രാജേഷ് (21), അജിത്കുമാര്‍ (32), സത്യരാജ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാംപ്രതി ബേളയിലെ അക്ഷയ് (30) നേരത്തെ പിടിയിലായിരുന്നു. ബദിയഡുക്ക സ്വദേശി അനില്‍കുമാറിനാണ് (30) ആറിന് രാത്രി കുത്തേറ്റത്. സീതാംഗോളി ടികെ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു 13 അംഗ സംഘം മൃഗീയമായി ആക്രമിച്ചത്. കഴുത്തില്‍ 10 സെന്റി മീറ്റര്‍ ആഴത്തില്‍ കുത്തിയിറങ്ങിയ കത്തിയുമായി അപകടകരമായ നിലയിലുണ്ടായിരുന്ന അനില്‍കുമാറിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹമ്മദ് അല്‍താഫ് സംഭവസ്ഥലത്തു നിന്നും അതിസാഹസികമായി രക്ഷപെടുത്തി യഥാസമയം മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചതോടെയാണ് ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.