തദ്ദേശവാര്‍ഡ് സംവരണം: നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി
1597867
Wednesday, October 8, 2025 12:59 AM IST
കാസര്‍ഗോഡ്: പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏതു നിയോജകമണ്ഡലങ്ങൾ, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും, മുനിസിപ്പല്‍ കോര്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.
കൗണ്‍സിലുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നറുക്കെടുപ്പിനുള്ള സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും ജില്ലാടിസ്ഥാനത്തിലുള്ള വിശദമായ പട്ടിക ചുവടെ ചേര്‍ക്കുന്നു.
16നു രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ കാഞ്ഞങ്ങാട് നഗരസഭ, കാസര്‍ഗോഡ് നഗരസഭ, നീലേശ്വരം നഗരസഭ. 13നു രാവിലെ 10നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക. 14നു രാവിലെ 10നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നീലേശ്വരം, പരപ്പ, കാസര്‍ഗോഡ്.