അവകാശ സംരക്ഷണയാത്രയ്ക്ക് ചിറ്റാരിക്കാലിൽ സ്വീകരണമൊരുക്കും
1598739
Saturday, October 11, 2025 1:47 AM IST
ചിറ്റാരിക്കാൽ: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് 14നു രാവിലെ ഒന്പതിന് ചിറ്റാരിക്കാലിൽ ഉജ്വല വരവേൽപ് നൽകും.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ.ഡോ. മാണി മേൽവെട്ടത്തിന്റെ നേതൃത്വത്തിൽ 201 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.
വെള്ളരിക്കുണ്ട്, മാലോം, തോമാപുരം, ചെറുപുഴ ഫൊറോനകളിൽ നിന്നായി പതിനായിരത്തോളം ആളുകൾ ചിറ്റാരിക്കാലിൽ നടക്കുന്ന സ്വീകരണ യോഗത്തിലും പ്രകടനത്തിലും പങ്കെടുക്കും.
14നു രാവിലെ ഒന്പതിന് ചിറ്റാരിക്കാൽ ടൗണിൽ എത്തിച്ചേരുന്ന ജാഥയെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുന്നുംകൈ ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് പ്രകടനമായി കുരിശുപള്ളി ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് ആനയിക്കും.
സ്വീകരണ യോഗം താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണിമേൽവെട്ടം, എകെസിസി ഫൊറോന പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട്, ഫൊറോന കൗൺസിൽ പ്രസിഡന്റ് രാജു മാത്യു പാഴൂർ, വർക്കി മടക്കാംപുറത്ത്, അസി. വികാരി ഫാ. ജൂബിൻ കണിപറമ്പിൽ, ഡീക്കൻ അമൽ പൂക്കുളത്തേൽ, ഡീക്കൻ ജോബിൻ മണവാളൻ എംസിബിഎസ്, ജോസഫ് കൊച്ചു കുന്നത്തുപറമ്പിൽ, തോമസ് മാത്യു മണ്ണനാനിക്കൽ, ആന്റോ തെരുവംകുന്നേൽ എന്നിവർ പങ്കെടുത്തു.