ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ തട്ടിയെടുത്തത് 20.13 ലക്ഷം; പ്രതി അറസ്റ്റില്‍
1598742
Saturday, October 11, 2025 1:47 AM IST
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ 20,13,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ കാരൂര്‍ സ്വദേശി ജി. ബിജുകുമാറിനെയാണ്(54) കാസര്‍ഗോഡ് സൈബര്‍ പോലീസ് പിടികൂടിയത്. വലിയപറമ്പ് ഇടയിലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് എന്നിവ വഴി ബന്ധപ്പെട്ട് ഷെയര്‍ മാര്‍ക്കറ്റ് സംബന്ധിച്ച് ക്ലാസുകള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ഇരയെ വീഴ്ത്തിയത്. തുടര്‍ന്ന് ഐബിപിഐ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ഷെയര്‍ ട്രേഡിംഗ് നടത്തുന്നതിന് എന്ന പേരിലും വന്ന ഡെബ്റ്റ് റീപേമെന്റ്, പണം പിൻവലിക്കുന്നതിനുള്ള ടാക്സ് എന്നീ പേരുകളിലും പരാതിക്കാരനെ കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളിലായി 20,13,000 രൂപ അയപ്പിച്ച് തട്ടിയെടുത്തു. ഇതില്‍ മൂന്നുലക്ഷം രൂപ എത്തിച്ചേര്‍ന്ന അക്കൗണ്ടിന്റെ ഉടമയാണ് ബിജുകുമാര്‍.
ഇയാളുടെ സ്ഥാപനമായ ബി.ജി. മേനോന് ആന്‍ഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ആലപ്പുഴ എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയത്. എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ എഎസ്ഐ രഞ്ജിത് കുമാര്‍, പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അമ്പലപ്പുഴയില്‍ നിന്നും പിടികൂടിയത്.