തദ്ദേശസ്ഥാപനങ്ങളുടെ സബ്സിഡി വില്പനയിൽ കള്ളക്കളിയെന്ന് ആക്ഷേപം
1598738
Saturday, October 11, 2025 1:47 AM IST
നീലേശ്വരം: മഴ അല്പമൊന്നു മാറി തെങ്ങിനും കമുകിനും റബറിനുമെല്ലാം വളം ചേർക്കുന്ന കാലമായപ്പോഴേക്കും ജില്ലയിൽ രാസവളങ്ങൾക്ക് ക്ഷാമം. പൊട്ടാഷ്, യൂറിയ എന്നിവയ്ക്കും ഇവയുടെ കൂട്ടുവളങ്ങൾക്കും ജില്ലയിൽ മിക്കയിടങ്ങളിലും ഇപ്പോൾ കടുത്ത ക്ഷാമമാണ്.
ആവശ്യത്തിനുള്ള സ്റ്റോക്ക് വളംവിതരണ കമ്പനികളിൽ നിന്ന് എത്തുന്നില്ലെന്നാണ് വളം ഡിപ്പോ നടത്തിപ്പുകാർ പറയുന്നത്.
അതേസമയം തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി അടിസ്ഥാനത്തിൽ വളങ്ങൾ വിതരണം ചെയ്യുന്നതിൽ പലയിടങ്ങളിലും കള്ളക്കളികൾ നടക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
മിക്കയിടങ്ങളിലും ഒന്നിലേറെ വളം ഡിപ്പോകൾ ഉണ്ടെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഏതെങ്കിലുമൊരു ഡിപ്പോയുമായി ധാരണയിലെത്തി അവിടെനിന്നുമാത്രം വളം വാങ്ങാനാണ് കർഷകർക്ക് ചീട്ട് എഴുതിനൽകുന്നത്.
മിക്കവാറും അവിടെ സ്റ്റോക്കുള്ള വളങ്ങൾതന്നെ കർഷകർ വാങ്ങേണ്ടിവരും. പലപ്പോഴും ഇവയ്ക്ക് കർഷകരിൽ നിന്ന് ഈടാക്കുന്ന വിലയും ഡിപ്പോ ഉടമയ്ക്ക് പഞ്ചായത്ത് നൽകുന്ന സബ്സിഡി തുകയും ചേർക്കുമ്പോൾ സാധാരണ മാർക്കറ്റ് വിലയേക്കാൾ അധികമാകുന്നുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പകരം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന അളവിലുള്ള വളങ്ങൾ കർഷകർ ഏതെങ്കിലും ഡിപ്പോയിൽനിന്നും മാർക്കറ്റ് വിലയ്ക്കുതന്നെ വാങ്ങി അതിന്റെ ബില്ല് കൃഷിഭവനുകളിൽ ഹാജരാക്കിയാൽ സബ്സിഡി കർഷകർക്കുതന്നെ അനുവദിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് കർഷകർ പറയുന്നു.
ഇപ്പോൾ കർഷകർക്ക് സ്വന്തം നിലയിൽ വാങ്ങാൻ മറ്റു ഡിപ്പോകളിലൊന്നും ആവശ്യത്തിന് വളങ്ങൾ സ്റ്റോക്കില്ലാത്ത നിലയാണ്. ഫാക്ടംഫോസ്, റബർ മിക്സ്ചർ, കോക്കനട്ട്-ആർക്കനട്ട് മിക്സ്ചറുകൾ, എംഒപി എന്നിവയൊന്നും ഡിപ്പോകളിൽ ആവശ്യത്തിന് ലഭ്യമല്ല.
വില്പന തീരെ കുറവായതിനാലാണ് പലതും സ്റ്റോക്കെത്തിക്കാത്തതെന്ന് ചില ഡിപ്പോ ഉടമകൾ തന്നെ പറയുന്നുണ്ട്.