പൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണം ഇന്ന്
1599034
Sunday, October 12, 2025 1:33 AM IST
കാസർഗോഡ്: ജില്ലയിൽ ഈ വർഷത്തെ പൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8:30 ന് പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. ജില്ലയിലെ അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പരീശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.
ജില്ലയിലെ 1,08,217 കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി 1261 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. ഏതെങ്കിലും കാരണവശാൽ ഇന്ന് വാക്സിൻ ലഭിക്കാത്ത കുട്ടികൾക്ക് വരുംദിവസങ്ങളിൽ വോളണ്ടിയർമാർ വീടുകളിലെത്തി പോളിയോ വാക്സിൻ നൽകും.