ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞു; ആര്‍ക്കും വേണ്ടാതെ ജില്ലാ സ്കൂള്‍ കായികമേള
1599252
Monday, October 13, 2025 2:01 AM IST
നീലേശ്വരം: ഭാവിയിലെ കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കായികമേളയെ പാടെ അവഗണിച്ച് ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും. ഇതോടെ മേള നടത്തിപ്പിന്റെ ഭാരം പൂര്‍ണമായും ആതിഥേയരായ ബാനം ഗവ. ഹൈസ്കൂളിന്റെ ചുമലിലായിരിക്കുകയാണ്. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15, 16, 17 തീയതികളിലാണ് മേള നടക്കുക.
സിന്തറ്റിക് ട്രാക്കുള്ള ജില്ലയിലെ ഏക സ്റ്റേഡിയമായതിനാല്‍ ഇവിടം ജില്ലാ കായികമേളയുടെ സ്ഥിരംവേദിയായിരിക്കുകയാണ്. അതിനാല്‍ തന്നെ സമീപപ്രദേശത്തുള്ള സ്കൂളുകളെയാണ് ആതിഥേയരായി തെരഞ്ഞെടുക്കുക. ഇത്തവണ മടിക്കൈ മേക്കാട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിനെയായിരുന്നു ആതിഥേയരായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം അവര്‍ പിന്മാറി. ഇതേത്തുടര്‍ന്നാണ് സ്റ്റേഡിയത്തില്‍ നിന്നും 23.2 കിലോമീറ്റര്‍ അകലെയുള്ള ബാനം ഗവ. ഹൈസ്കൂളിനെ ആതിഥേയരായി തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 10നു വൈകുന്നേരമാണ് ബാനം സ്കൂള്‍ മുഖ്യാധ്യാപികക്ക് ഇതുസംബന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കുന്നത്. 250 കുട്ടികള്‍ മാത്രം പഠിക്കുന്ന ചെറിയ സ്കൂളാണ് ബാനം ജിഎച്ച്എസ്. ഇതില്‍ ഭൂരിഭാഗം കുട്ടികളും പട്ടികവിഭാഗത്തില്‍ പെട്ടവരാണ്.
മേള തുടങ്ങാന്‍ ഇനി ഒരാഴ്ച പോലും സമയമില്ലെന്നിരിക്കെ മേള നടത്തിപ്പിനായുള്ള പണം കണ്ടെത്തുക അസാധ്യമാണെന്ന് ബാനം സ്കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. പണം മുന്‍കൂറായി തന്നെ ലഭ്യമാക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് കായികമേള നടത്തിപ്പ് എന്ന വെല്ലുവിളിയേറ്റെടുക്കാന്‍ ബാനം സ്കൂള്‍ തയാറായത്.
ശനിയാഴ്ച ഇഎംഎസ് സ്റ്റേഡിയത്തില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ നിന്നും ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും വിട്ടുനിന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത, വൈസ്ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, സ്റ്റേഡിയത്തിനു തൊട്ടുമുന്നില്‍ സ്ഥിതിചെയ്യുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് മാധവന് മിയറ, ബാനം സ്കൂള്‍ സ്ഥിതിചെയ്യുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് പി. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, വാര്‍ഡ് മെംബര്‍ പി. ഗോപാലകൃഷ്ണന് എന്നിവര്‍ ആരും യോഗത്തിന് എത്തിയില്ല. യോഗം സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കോടോം-ബേളൂര്‍ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത എന്നിവര്‍ മാത്രമായിരുന്നു യോഗത്തിനെത്തിയ ജനപ്രതിനിധികള്‍. ആകെ 20ല്‍ താഴെ ആള്ക്കാര് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി കുറേ നാളായി അവധിയിലാണ്. മുന്‍വര്‍ഷങ്ങളിലെ സ്കൂള്‍ മേള നടത്തിപ്പുകള്‍ വലിയ സാമ്പത്തികബാധ്യതയുണ്ടാക്കിയതിനാല് ഇത്തവണ ആ റിസ്ക്ക് ഏറ്റെടുക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഡിഡിഇ അവധിയില്‍ പ്രവേശിച്ചതെന്നാണ് സൂചന. കാസര്‍ഗോഡ് ഡിഇഒയ്ക്കാണ് ഇന്‍ചാര്‍ജ് നല്‍കിയിരുന്നത്. അദ്ദേഹമോ കാഞ്ഞങ്ങാട് ഡിഇഒയോ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
മാത്രമല്ല ഡിഡിഇ ചുമതലയില്‍ നിന്നും കാസരഗോഡ് ഡിഇഒ ഇന്ന് ഒഴിയുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വിദ്യാസവകുപ്പ് വീണ്ടും നാഥനില്ലാകളരിയായി മാറും. കോണ്‍ഗ്രസ് അധ്യാപകസംഘടനയായ കെപിഎസ്ടിഎ ആയിരുന്നു സാധാരണഗതിയില്‍ ഭക്ഷണം തയാറാക്കിയിരുന്നത്. ഇത്തവണ അവര്‍ പിന്മാറിയിരിക്കുകയാണ്. ഒടുവില്‍ ഭക്ഷണം നല്‍കാനുള്ള ചുമതല ബാനം സ്കൂള്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണ്. കായികമേള നടക്കുന്ന 16, 17 തീയതികളില്‍ തന്നെയാണ് ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവവും നടക്കുന്നുണ്ട്.
രണ്ട് മേളകളിലും പങ്കെടുക്കുന്ന കുട്ടികളുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാലാണ് കുട്ടികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ കാരണമാകുന്നതെന്നാണ് ആരോപണമുയരുന്നത്. പല ജില്ലകളിലും കായികാധ്യാപകരുടെ നിസഹകരണം മേളകളുടെ നടത്തിപ്പിനെ വലിയ തോതില്‍ ബാധിച്ചിരുന്നു.
എന്നാല്‍ കാസര്‍ഗോട്ടെ ഉപജില്ല കായികമേളകളില്‍ കായികാധ്യാപകര്‍ സജീവമായിരുന്നതിനാല്‍ ജില്ലാ കായികമേളയിലും അതു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിമിതിയിലും കായികമേളയുടെ
വിജയത്തിനായി ബാനം ഒരുങ്ങി
ബാനം: ബാനം ഗവ.ഹൈസ്കൂളിന്റെ ആതിഥേയത്വത്തില്‍ നീലേശ്വം ഇഎഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേള വിജയിപ്പിക്കാന്‍ ബാനം ഗ്രാമം ഒരുങ്ങി. പരിമിതമായ സാഹചര്യങ്ങളിലും കായികമേളയുടെ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ഇന്നലെ സ്കൂളില്‍ നടന്ന യോഗം തീരുമാനിച്ചു. നൂറോളം പേര് യോഗത്തില്‍ പങ്കെടുത്തു. കായികമേളയ്ക്കു മുന്നോടിയായി നാളെ ദീപശിഖാ പ്രയാണം നടക്കും.
കഴിഞ്ഞ വര്‍ഷത്തെ ആതിഥേയരായ ചായ്യോത്ത് ജിഎച്ച്എസ്എസില്‍ നിന്നും രാവിലെ കൊളുത്തി കൈമാറുന്ന ദീപശിഖ ബാനത്തെ ദേശീയ, സംസ്ഥാന കായികതാരങ്ങളുടെ നേതൃത്വത്തില്‍ ബാനം സ്കൂളില്‍ എത്തിക്കും. വഴിയില്‍ വിവിധ സ്കൂളുകളില്‍ ദീപശിഖയ്ക്ക് സ്വീകരണമൊരുക്കും. വൈകുന്നേരത്തോടെ മേള നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തില്‍ ദീപശിഖാ പ്രയാണം എത്തിച്ചേരും. 115 ഇനങ്ങളിലായി വിവിധ വിഭാഗങ്ങളില്‍ പെടുന്ന 1500 ലധികം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും.
പിടിഎ പ്രസിഡന്റ് പി. രാജീവന് അധ്യക്ഷതവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ഭൂപേഷ്, വാര്‍ഡ് മെംബര്‍ പി. ഗോപാലകൃഷ്ണന്, പി. ദിവാകരന്, ബാനം കൃഷ്ണന്, കെ.കെ. കുഞ്ഞിരാമന്, കെ.എന്‍. ഭാസ്കരന്, വിജയന് മുണ്ടാത്ത്, പി.കെ. ബാലചന്ദ്രന്, അനൂപ് പെരിയല്‍, മുഖ്യാധ്യാപിക സി. കോമളവല്ലി, അനിത മേലത്ത് എന്നിവര്‍ പ്രസംഗിച്ചു.