ദേശസ്നേഹത്തിന്റെ കഥ പറയുന്ന ദാരുശില്പങ്ങള് കാണാന്‍ ചരിത്ര വിദ്യാര്‍ഥികള്‍ എത്തി
1599251
Monday, October 13, 2025 2:01 AM IST
കാഞ്ഞങ്ങാട്: നെഹ്റു ആര്‍ട്സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥികള്‍ പ്രശസ്ത സ്വതന്ത്ര്യ സമരസേനാനി എ.സി. കണ്ണന്‍നായരുടെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പത്തായപ്പുര മാളിക സന്ദര്‍ശിച്ചു. ദേശീയതയുടെ പ്രതീകങ്ങള്‍ ദാരുശില്പങ്ങളായി കൊത്തിവച്ച പ്രധാന വാതിലിന്റെ കട്ടിലയും മുകള്‍ നിലയിലെ മേല്‍ക്കൂരയുടെ അടിഭാഗവും അദ്ഭുതത്തോടെയാണ് വിദ്യാർഥികള്‍ വീക്ഷിച്ചത്. മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും കെ. കേളപ്പനും ഭാരതാംബയും ദാരുശില്പങ്ങളായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നതിലൂടെ എ.സി. കണ്ണന് നായരുടെ ദേശസ്നേഹത്തിന്റെ ആഴം മനസിലാക്കുന്നതിന് വിദ്യാർഥികള്‍ക്ക് സാധിച്ചു.
ദാരുശില്പങ്ങളോടൊപ്പം വരച്ചുവച്ച ചര്‍ക്കകളും ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള വരകളും രാജ്യസ്നേഹത്തിന്റെ തെളിവുകളായി ഇന്നും നിലനില്ക്കുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ എ.സി. കണ്ണന് നായരുടെ നിര്‍ദേശപ്രകാരം പ്രശസ്ത ശില്പി കണ്ണന് കേരളവര്മനാണ് ദാരുശില്പങ്ങള് കൊത്തിവച്ചത്.
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും കേരളത്തിലെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനികള്ക്കെല്ലാം അഭയകേന്ദ്രവും സമരകാലഘട്ടങ്ങളില്‍ കേരളത്തിലെ ദേശീയ നേതാക്കള്‍ ഒളിവില്‍ താമസിച്ചിരുന്ന കേന്ദ്രവും കൂടിയായിരുന്നു പിന്നീട് ഭവനമായി ഉപയോഗിച്ചു വരുന്ന ഈ പത്തായപ്പുര മാളിക. ചരിത്രാധ്യാപകരായ ഡോ. നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന് എന്നിവര്‍ ചരിത്ര സ്മാരകം വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു.
എ.സി. കണ്ണന് നായരുടെ ബന്ധുക്കളായ പി.കെ. ബാലഗോപാല്‍, കെ.ടി. പ്രവീണ്‍കുമാര്‍, കെ.കെ. ലക്ഷ്മി എന്നിവര്‍ കേഡറ്റുകളുമായി സംവദിച്ചു. എ.സി. കണ്ണന് നായരുടെ ഭവനത്തില്‍ നിന്ന് ലഭിച്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അമൂല്യ ഗ്രന്ഥമായി സൂക്ഷിച്ചിരിക്കുന്ന എ.സി. കണ്ണന് നായരുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ലഭ്യമായ അറിവുകള്‍ കോര്‍ത്താണ് കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നിരവധി ചരിത്രഗ്രന്ഥങ്ങള്‍ തയാറാക്കിയിട്ടുള്ളത്.