യൂത്ത് കോൺഗ്രസ് ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ സംഘർഷം
1599025
Sunday, October 12, 2025 1:33 AM IST
കാഞ്ഞങ്ങാട്: പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധത്തിനിടയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ പോലീസ് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരസഭാ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ പുതിയകോട്ട ജംഗ്ഷനിൽ റോഡ് ഉപരോധിച്ചതോടെ വീണ്ടും പോലീസുമായി ബലപ്രയോഗമായി. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, ജില്ലാ ഭാരവാഹികളായ മാർട്ടിൻ ജോർജ്, വിനോദ് കപ്പിത്താൻ, രതീഷ് കാട്ടുമാടം,സുജിത്ത് തച്ചങ്ങാട്, റാഫി അടൂർ, ഗിരികൃഷ്ണൻ കൂടാല, ശിവപ്രസാദ് അറുവാത്ത്, അക്ഷയ എസ്.ബാലൻ, രേഖ രതീഷ്, അനൂപ് കല്ല്യോട്ട്, രജിത രാജൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി, വസന്തൻ ബന്തടുക്ക, ജോബിൻ കമ്പല്ലൂർ, കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, സ്വരാജ് കാനത്തൂർ, കെ.പി.ബാലകൃഷ്ണൻ, വി.വി.നിഷാന്ത് എന്നിവർ നേതൃത്വം നൽകി.