കുടുംബശ്രീയുടെ ബാക്ക് ടു ഫാമിലി പദ്ധതിക്ക് തുടക്കം
1599032
Sunday, October 12, 2025 1:33 AM IST
മടിക്കൈ: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ബാക്ക് ടു ഫാമിലി - അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി നിർവഹിച്ചു. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കുട്ടികളുടെ ലക്ഷ്യബോധത്തെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കൾക്ക് ഉണ്ടാകണമെന്നും കുട്ടികളുടെ സൗഹൃദങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്നും അവർ പറഞ്ഞു.
എഴുത്തുകാരൻ സുറാബ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. എഴുത്തുകാരി ബിന്ദു മരങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാർന്ന രക്ഷാകർതൃത്വം, കുടുംബാരോഗ്യം, കുട്ടികളുടെ അവകാശങ്ങൾ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അയൽക്കൂട്ടങ്ങളിലൂടെയും പൊതുവിദ്യാലയങ്ങളിലെ മദർ പിടിഎകളുടെ പങ്കാളിത്തത്തോടെയുമാണ് പദ്ധതി പ്രാവർത്തികമാക്കുക.