കുറ്റിക്കോലിൽ വ്യാജരേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുചേർത്തെന്ന ആരോപണവുമായി കോൺഗ്രസ്
1599027
Sunday, October 12, 2025 1:33 AM IST
കുറ്റിക്കോൽ: പഞ്ചായത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. 01-01-2007 ന് മുമ്പ് ജനിച്ചവർക്കു മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുള്ളൂ എന്നിരിക്കേ ജനന സർട്ടിഫിക്കറ്റും എസ്എസ്എൽസി ബുക്കിലെ ജനനതീയതിയും തിരുത്തി സിപിഎം കുടുംബങ്ങളിലെ പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽ വ്യാപകമായി ഉൾപ്പെടുത്തിയതായാണ് ആരോപണം.
പഞ്ചായത്ത് സെക്രട്ടറിയുടെ അറിവോടുകൂടിയാണ് ഇത് നടത്തിയതെന്ന് കോൺഗ്രസ് നേതാക്കളായ മുളിയാർ ബേ്ലാക്ക് കോൺഗ്രസ് പ്രസിഡന്റ് പവിത്രൻ സി. നായർ, കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് അരമന എന്നിവർ ആരോപിച്ചു. ശക്തമായ മത്സരങ്ങൾ നടക്കുന്ന വാർഡുകളിലാണ് അനർഹരെ ഉൾപ്പെടുത്തിയും വാർഡുകളുടെ അതിർത്തി മാപ്പുകൾ തിരുത്തിയും വ്യാപക ക്രമക്കേട് നടത്തിയിട്ടുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കരിവേടകം പ്രദേശം ഉൾപ്പെടുന്ന 12-ാം വാർഡിൽ ഭാഗം 2 ക്രമനമ്പർ 100 ആയി നഴ്സിംഗ് വിദ്യാർഥിനിയുടെ പേരുൾപ്പെടുത്തിയത് വ്യാജരേഖ നിർമിച്ചാണ്. ഈ പെൺകുട്ടിയുടെ പിതാവ് പടുപ്പിലെ സിഐടിയു തൊഴിലാളി യൂണിയൻ നേതാവാണ്. പഞ്ചായത്ത് സെക്രട്ടറി സിപിഎം ലോക്കൽ സെക്രട്ടറിയുടെ കാറിൽ ചുറ്റിക്കറങ്ങിയാണ് ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നത്. ഡിവൈഎഫ്ഐ കരിവേടകം വില്ലേജ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടത്തുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയരക്ടർക്ക് നിരവധി തവണ പരാതികൾ നല്കിയിട്ടും യാതൊരുവിധ നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.
വോട്ടർപട്ടികയിൽ പേരുൾപ്പെടുത്തുന്നതിനായി വ്യാജരേഖ നിർമിച്ചവർക്കെതിരേയും ഇതിന് ഒത്താശ ചെയ്തുകൊടുത്തവർക്കെതിരയും കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ, ജില്ല കളക്ടർ, വിജിലൻസ് ഡിവൈഎസ്പി ബേഡകം പോലീസ് എന്നിവർക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നല്കി.