കാസർഗോഡിന് എയിംസ്: ജനകീയ പ്രചാരണവുമായി രാജപുരം കോളജിലെ എൻഎസ്എസ് വോളന്റിയർമാർ
1599254
Monday, October 13, 2025 2:01 AM IST
രാജപുരം: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് കാസർഗോഡ് ജില്ലയിൽ തന്നെ എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ എൻഎസ്എസ് വോളന്റിയർമാർ. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുമായി ചേർന്നാണ് ജില്ലയിലുടനീളം വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരം ആളുകളെ നേരിൽ കണ്ട് എയിംസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ എയിംസിനായുള്ള ജനകീയ സമരങ്ങൾക്ക് കൂടുതൽ ശക്തി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എയിംസ് കാസർഗോഡിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനായിരം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാർക്കും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും അയച്ചിരുന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അതുല്യ കുര്യാക്കോസ്, അഖിൽ തോമസ്, എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, മുരളിധരൻ പടന്നക്കാട്, സലീം സന്ദേശം ചൗക്കി, ശ്രീനാഥ് ശശി, സൂര്യനാരായണ ഭട്ട്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ എൻ.എ.അനുശ്രീ, എം.ഗോപിക, എം.കൃഷ്ണേന്ദു, പി.വി.ഋഷികേഷ്, പി.റസീൻ, ദർശൻ ബാലൻ, എം.പ്രണവ് എന്നിവരാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.