ജസ്റ്റിസ് മോഹനന് കമ്മീഷന് തെളിവെടുപ്പും ഹിയറിംഗും നടത്തി
1599528
Tuesday, October 14, 2025 1:49 AM IST
നീലേശ്വരം: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷനായ റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ തെളിവെടുപ്പും ഹിയറിംഗും നടത്തി.
മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ ഹൗസ്ബോട്ടുകള്‍ക്കായി ഒരു കൃത്യമായ റൂട്ട് ചാനല്‍ ഉണ്ടാക്കണമെന്ന് ഹിയറിംഗില്‍ ആവശ്യമുയര്‍ന്നു. പുഴയുടെ ആഴം വര്‍ധിപ്പിക്കുക, മലബാര്‍ മേഖലയില്‍ ഒരു ബോട്ട് ലാസ്കര്‍ പരിശീലന കേന്ദ്രം അനുവദിക്കുക, ബോട്ട് ഹൗസിന്റെയും മത്സ്യബന്ധന ബോട്ടുകളുടെയും സഞ്ചാരത്തെ തടസപ്പെടുത്തുന്ന തരത്തിലുള്ള പുലിമുട്ടുകളിലെ ഇളകിയ കല്ലുകള്‍ നീക്കം ചെയ്യുക, ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സംവിധാനം ജില്ലയില്‍ തന്നെ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയർന്നു.
കോട്ടപ്പുറം ബോട്ട് ടെര്‍മിനലില്‍ വേലിയേറ്റസമയത്ത് ബോട്ടുകള്‍ക്ക് അടുക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും ടെര്‍മിനലിലേക്കുള്ള ഗതാഗത സൗകര്യങ്ങളും തെരുവ് വിളക്കുകളും മെച്ചപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.
കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗത്തിലെ മുൻ പ്രഫസര്‍ ഡോ. കെ.പി. നാരായണന്, കമ്മീഷന് സെക്രട്ടറി അഡ്വ. രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ ജി. ചന്ദ്രശേഖരന്, സ്റ്റാന്‍ഡിംഗ് കൗണ്‍സൽ ടി.പി. രമേശ്, നോഡല്‍ ഓഫീസര്‍ അന്‍സാരി, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് എന്നിവരും പങ്കെടുത്തു.