സ്ഥിരംസമിതി അധ്യക്ഷന്റെ വയലിൽ പഞ്ചായത്ത് അംഗങ്ങളുടെ കൊയ്ത്ത്
1599533
Tuesday, October 14, 2025 1:49 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. അബ്ദുൾ ഖാദറിന്റെ ഒരേക്കർ നെൽപ്പാടത്ത് കൂട്ടായ്മയുടെ കൊയ്ത്തുത്സവത്തിനിറങ്ങി പഞ്ചായത്ത് അംഗങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം. രാധാമണി, അംഗങ്ങളായ പി.സി. രഘുനാഥൻ, പി. പദ്മാവതി, എം. അജിത, ബിൻസി ജെയിൻ, കൃഷി ഓഫീസർ ശ്രീഹരി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എൽ.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്.
പലയിടങ്ങളിലും വയലുകൾ തരിശിട്ട് നെൽകൃഷി അന്യം നിന്നുപോകുന്ന കാലത്ത് ജനപ്രതിനിധിയുടെ തിരക്കിനിടയിലും കൃഷി മുടക്കാത്ത പാരമ്പര്യമാണ് അബ്ദുൾ ഖാദറിന്റേത്. ഇപ്പോൾ പുതുതലമുറയുടെ പ്രതിനിധിയായി മകൻ ഹൈദരും കൂടെയുണ്ട്. ഉമ, ശ്രേയസ്, രക്തശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്.