അവാർഡ് ജേതാവായ യുവകർഷകയുടെ നെൽവയലിൽ കനത്ത നാശം
1600081
Thursday, October 16, 2025 2:01 AM IST
കുണ്ടംകുഴി: ബേഡകം പഞ്ചായത്തിലെ കൊളത്തൂർ വയലിൽ വിളവെടുക്കാറായ നെൽകൃഷി കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. തൊട്ടുപിന്നാലെ കനത്ത മഴ കൂടി പെയ്തതോടെ പന്നികൾ ചവിട്ടിമെതിച്ച നെൽച്ചെടികളെല്ലാം ചെളിവെള്ളത്തിലമർന്നു.
സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കൊളത്തൂർ നിടുവോട്ടെ എം. ശ്രീവിദ്യയുടെയും കുഞ്ഞമ്പുവിന്റെയും വയലുകളിലാണ് കനത്ത കൃഷിനാശം സംഭവിച്ചത്. കതിരുകൾ വിളഞ്ഞു തുടങ്ങിയതോടെ ദിവസങ്ങൾക്കകം കൊയ്ത്ത് നടത്താനുള്ള തയാറെടുപ്പിലായിരുന്നു കർഷകർ. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രി കാട്ടുപന്നിക്കൂട്ടം വയലിലിറങ്ങിയത്. കനത്ത മഴയും ഉണ്ടായതോടെ പന്നിക്കൂട്ടമെത്തിയത് കർഷകർക്ക് പെട്ടെന്നറിയാൻ കഴിഞ്ഞില്ല. നേരം പുലർന്നപ്പോഴേക്കും കതിരണിഞ്ഞ നെൽച്ചെടികളിൽ നല്ലൊരു പങ്കും ചെളിവെള്ളത്തിലമർന്നിരുന്നു.
മയിലുകളുടെ ശല്യംകൂടി അതിജീവിച്ചാണ് ഇത്രയുമെങ്കിലും നെൽകൃഷി വിളവെടുക്കാൻ പാകത്തിലെത്തിച്ചതെന്ന് കർഷകർ പറയുന്നു. ഒറ്റ രാത്രി കൊണ്ട് അതിൽ വലിയൊരു ഭാഗവും നശിച്ച നിലയിലാണ്. ബേഡകം കൃഷി ഓഫീസർ ലിൻഡ ഐസക്കിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.