രൂപരേഖ മാറ്റിയത് അഞ്ചുതവണ; ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമാണവും നീളുന്നു
1600082
Thursday, October 16, 2025 2:01 AM IST
കാഞ്ഞങ്ങാട്: പണി പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്താൻ കഴിയാത്ത ജില്ലാ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമാണവും നീളുന്നു. ലിഫ്റ്റ് സ്ഥാപിക്കാനുള്ള ചാനലിന്റെ നിർമാണത്തിന് ഒരു വർഷം മുമ്പേ കരാറായി പ്രവൃത്തികൾ തുടങ്ങിയതാണ്.
എന്നാൽ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ഇതിന്റെ രൂപരേഖ അധികൃതർ അഞ്ചുതവണ മാറ്റിയതാണ് പണി പൂർത്തിയാക്കാൻ തടസമാകുന്നതെന്ന് കരാറുകാർ പറയുന്നു.
ആദ്യം ലഭിച്ച രൂപരേഖ പ്രകാരം മൂന്നു മീറ്റർ നീളത്തിലും 2.40 മീറ്റർ വീതിയിലുമാണ് ലിഫ്റ്റിന്റെ അടിത്തറയ്ക്കായി കുഴിയെടുത്തത്. അടിത്തറയുടെ കോൺക്രീറ്റിംഗ് തുടങ്ങിയപ്പോഴാണ് വീതി 2.20 മീറ്ററായി കുറയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇതോടെ കുഴിക്കുള്ളിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമിച്ച് വീതി കുറയ്ക്കേണ്ടിവന്നു. ഒടുവിൽ അടിത്തറ പൂർത്തിയാക്കി ലിഫ്റ്റിനായുള്ള ഇരുമ്പ് ചാനൽ സ്ഥാപിക്കാൻ തുടങ്ങിയപ്പോഴേക്കും ചാനലിന്റെയും വീതി കുറയ്ക്കാൻ ആവശ്യപ്പെട്ടു.
വീതികുറച്ച് ചാനൽ സ്ഥാപിച്ചപ്പോൾ അതു മുഴുവൻ അഴിച്ചുമാറ്റി ഐ രൂപത്തിലുള്ള ചാനൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അത് ഏതാണ്ട് സ്ഥാപിച്ചു കഴിഞ്ഞപ്പോഴേക്കും വീണ്ടും അഴിച്ചുമാറ്റി സി രൂപത്തിലുള്ള ചാനൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പണിയാനും പൊളിക്കാനും സാമഗ്രികൾ മാറ്റാനുമൊക്കെയായി ഇതിനകംതന്നെ അഞ്ചുലക്ഷം രൂപ അധികം വേണ്ടിവന്നുവെന്ന് കരാറുകാരുടെ കണക്ക്.
ചാനൽ പണിതുകഴിഞ്ഞാൽ അതിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് മറ്റൊരു കമ്പനിയാണ്. ഈ കമ്പനിയുടെ ആളുകൾ ലിഫ്റ്റ് ചാനലിന്റെ വീതിയും ആകൃതിയും പലതവണ മാറ്റിപ്പറഞ്ഞതാണ് പ്രശ്നമായതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ എൻജിനിയർ പറയുന്നത്.
സിവിൽ പ്രവൃത്തികളുടെ കരാർ ഒരാളിനും ലിഫ്റ്റ് സ്ഥാപിക്കാനുള്ള കരാർ മറ്റൊരു ഏജൻസിക്കും നല്കിയതാണ് പ്രശ്നമായതെന്നാണ് സൂചന. പക്ഷേ അതുമൂലം നഷ്ടമായത് ലക്ഷങ്ങളാണ്. പലതരം സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയാതിരുന്നത്. തൊട്ടടുത്തുള്ള സബ് ജയിൽ അധികൃതരുടെ തടസവാദമ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് സുരക്ഷാ സംവിധാനങ്ങളും ലിഫ്റ്റമുൾപ്പെടെ സ്ഥാപിച്ച് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ വഴിയൊരുങ്ങിയത്. എന്നാൽ ഇപ്പോൾ ഈ പ്രവൃത്തികളും നീണ്ടുപോകുന്ന നിലയാണ്.