കായികപാരമ്പര്യത്തിന്റെ കരുത്തില്‍ ക്രിസ്റ്റോ തോമസ്
1600077
Thursday, October 16, 2025 2:01 AM IST
നീലേശ്വരം: വൈകുന്നേരം ട്രാക്കില്‍ ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടമത്സരത്തിന്റെ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. പിന്നിലായിപ്പോയ മകന് സുവര്‍ണ കുതിപ്പിന് ആവേശം പകരാനായി ട്രാക്കിനു വെളിയിലെ സ്റ്റേഡിയത്തിലൂടെ കൂടെയോടുന്ന പിതാവിനെ കണ്ട് കാണികളും ആവേശത്തിലായി. മത്സരം ഫിനിഷിംഗ് പോയിന്റിലെത്താന്‍ 100 മീറ്റര്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോള്‍ വെള്ള നിറത്തിലുള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് കൈയിലുള്ള ജഴ്സി ആഞ്ഞുവീശി ആര്‍പ്പുവിളികളോടെ മകനൊപ്പം തോമസ് സെബാസ്റ്റ്യന്‍ ഓടിയപ്പോള്‍ മിന്നല്‍വേഗത്തില്‍ കുതിച്ച മകന് ക്രിസ്റ്റോ തോമസ് തന്റെ രണ്ടാമത്തെ സ്വര്‍ണമെഡലാണ് കരസ്ഥമാക്കിയത്. മേളയിലെ ആദ്യയിനമായ 1500 മീറ്റര്‍ ഓട്ടത്തിലും ക്രിസ്റ്റോ സ്വര്‍ണമണിഞ്ഞു. കായികതാരങ്ങളായ മാതാപിതാക്കളുടെ പാരമ്പര്യം കരുത്താക്കിയാണ് തന്റെ ആദ്യ ജില്ലാകായികമേളയില്‍ തന്നെ ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ ഈ പത്താംക്ലാസ് വിദ്യാര്‍ഥി ഇരട്ടസ്വര്ണമണിഞ്ഞത്.
പിതാവ് പൊയിനാച്ചി മയിലാട്ടിയിലെ ചേന്നാട്ട് തോമസ് സെബാസ്റ്റ്യന്‍ സ്കൂള്‍-കോളജ് കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു.
1989ലെ സംസ്ഥാനതല ഗ്രാമീണ കായികമേളയില്‍ 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. 1991ലെ കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ 800, 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലുകള്‍ കരസ്ഥമാക്കി. ബന്തടുക്ക ഗവ.സ്കൂളില്‍ പഠിക്കവെ ജില്ലാതലത്തില്‍ ചാമ്പ്യന്മാരായ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നീന്തലില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും കരസ്ഥമാക്കി.
നിലവില്‍ ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെംബറുമാണ് തോമസ് സെബാസ്റ്റ്യന്‍. അമ്മ സീമ മൈക്കിള്‍ മുന്‍ വോളിബോള്‍ താരവും നിലവില്‍ ബെദിര പിടിഎം എയുപി സ്കൂള്‍ അധ്യാപികയുമാണ്.
ആദ്യദിനം
അഞ്ചു റിക്കാര്‍ഡുകള്‍
മേളയുടെ ആദ്യ ദിനം അഞ്ചു മീറ്റ് റിക്കാര്‍ഡുകള്‍. ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോംഗ്ജംപില് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ ശ്രീരാഗ് കൃഷ്ണന് 6.49 മീറ്റര്‍ ദൂരം താണ്ടിയാണ് റിക്കാര്‍ഡിട്ടത്. ആറു മീറ്റര്‍ ദൂരം എന്ന റിക്കാര്‍ഡാണ് ശ്രീരാഗ് തകര്‍ത്തത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപിലും പുതിയ റിക്കാര്‍ഡ് പിറന്നു.
പുല്ലൂര്‍ ഉദയനഗര്‍ എച്ച്എസിലെ ജി.എസ്. അമേയ 1.38 മീറ്റര്‍ ഉയരം താണ്ടിയാണ് റിക്കാര്‍ഡിട്ടത്. 1.37 എന്ന റിക്കാര്‍ഡാണ് അമേയ പഴങ്കഥയാക്കിയത്. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തില്‍ മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പ്രഥ്വിന് പ്രഭു 1.40.57 മിനുട്ട് കൊണ്ട് ഓടിയെത്തി. 1.41.81 എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസിലെ കെ.ടി.അസ്ഹ ഷാ 1.35 മീറ്റര്‍ ഉയരം താണ്ടി പുതിയ റിക്കാര്‍ഡിട്ടു. 1.31 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസിലെ സയ്യിദ് മുഹമ്മദ് സെയ്ദ് തങ്ങള്‍ 1.38 ഉയരം താണ്ടി റിക്കാര്‍ഡിട്ടു. 1.37 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്.