കൗമാര കായികകുതിപ്പിന് തുടക്കം; ഹൊസ്ദുര്‍ഗും ദുര്‍ഗയും മുന്നില്‍
1600076
Thursday, October 16, 2025 2:01 AM IST
സ്വന്തം ലേഖകൻ
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് ബാനം ജിഎച്ച്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഒന്നാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 15 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമായി 124 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. 10 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവും നേടി 99 പോയിന്റോടെ കാസര്‍ഗോഡ് ഉപജില്ലയാണ് രണ്ടാംസ്ഥാനത്തത്.
ആറു സ്വര്‍ണവും ഏഴു വെള്ളിയും എട്ടു വെങ്കലവുമായി 70 പോയിന്റോടെ ചെറുവത്തൂര്‍ മുന്നാംസ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണം, ഏഴു വെള്ളി, നാലു വെങ്കലം എന്നിവയടക്കം 51 പോയിന്റാണ് നാലാംസ്ഥാനത്തുള്ള ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സമ്പാദ്യം. സ്കൂളുകളില്‍ 56 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്.
ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് ദുര്‍ഗയുടെ സമ്പാദ്യം. മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി 18 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും അടക്കം 13 പോയിന്റുകളോടെ കൊളത്തൂര്‍ ജിഎച്ച്എസ്, ചെമ്മനാട് സിജെഎച്ച്എസ്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് എന്നിവര്‍ മൂന്നാംസ്ഥാനത്തുണ്ട്. ഇ. ചന്ദ്രശേഖരന് എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി.
കോടോം-ബേളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന്, വി.എസ്. ബിജുരാജ്, ടി. പ്രകാശന്, കെ. സുരേന്ദ്രന്, പി. രാജീവന്, പി. ദിവാകരന്, കെ.കെ. കുഞ്ഞിരാമന്, ഡിഡിഇ പി. സവിത, ബാനം ജിഎച്ച്എസ് മുഖ്യാധ്യാപിക സി. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു.
ഇവര്‍ വേഗതാരങ്ങള്‍
100 മീറ്റര്‍ ഓട്ടമത്സരത്തിലെ സുവര്‍ണതാരങ്ങള്‍
സബ്ജൂണിയര്‍-സി.സൂരജ് (വെള്ളച്ചാല്‍ ജിഎംആര്‍എസ്), ശ്രീനിധി ആര്.നായര്‍ (കൊളത്തൂര്‍ ജിഎച്ച്എസ്)
ജൂണിയര്‍-ഇബ്രാഹിം അഫ്നാസ് (പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ്), ആയിഷത്ത് സഹല (മഞ്ചേശ്വരം അല്‍സഖാഫ് ഇഎംഎസ്)
സീനിയര്‍-അബ്ദുള്‍ ഖാദര്‍ അസ്നാന് (എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ്), എസ്.കെ.ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്)