സ്വകാര്യഭൂമി കൈയേറി ഖനനം നടത്തിയതായി പരാതി
1600080
Thursday, October 16, 2025 2:01 AM IST
പാണത്തൂർ: സ്ഥലമുടമയുടെ അറിവോ അനുമതിയോ ഇല്ലാതെ ക്രഷർ കമ്പനി സ്വകാര്യ ഭൂമി കൈയേറി ഖനനം നടത്തിയതായി പരാതി. പാണത്തൂരിലെ കളരിക്കൽ കെ.ജെ. ജോണിയാണ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്.
ബളാൽ മുത്തപ്പൻമലയിലെ സർവേ നമ്പർ 113 ൽ ഉൾപ്പെട്ട ഒന്നര ഏക്കർ സ്ഥലമാണ് ക്രഷർ കമ്പനി കൈയേറിയതായി പറയുന്നത്. വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടു പോലും വകവയ്ക്കാതെ ഖനനം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇതുമൂലം തന്റെ 25 സെന്റ് സ്ഥലവും കായ്ഫലമുള്ള നൂറോളം കമുകുകളും അഞ്ച് തെങ്ങുകളും ഇതിനകം നശിച്ചിട്ടുണ്ട്.
അനധികൃത ഖനനം മൂലം കൃഷിസ്ഥലം നശിക്കുകയും തന്റെ ഭൂമിയിലെ കരിങ്കല്ലുകൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തതുമായി ബന്ധപ്പെട്ട് 10 ലക്ഷത്തോളം രൂപയുടെയും കമുകുകളും തെങ്ങുകളും നശിപ്പിച്ച വകയിൽ അഞ്ച് ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി ജോണിയുടെ പരാതിയിൽ പറയുന്നു.