ജീവിതോത്സവവുമായി മാലോത്ത് കസബ സ്കൂൾ എൻഎസ്എസ് വോളന്റിയർമാർ
1600078
Thursday, October 16, 2025 2:01 AM IST
മാലോത്ത്: കൗമാരക്കാരുടെ ഊർജവും സർഗശേഷിയും അഭിലഷണീയമായ വഴികളിലേക്ക് കൊണ്ടുവരുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യാ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകളിൽനിന്ന് വഴിതിരിച്ചുവിടുന്നതിനുമായി മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ജീവിതോത്സവം 2025 പരിപാടിക്ക് വിജയകരമായ സമാപനം.
പരിപാടിയുടെ ഭാഗമായി 21 ദിവസത്തെ പ്രവർത്തനാധിഷ്ഠിത ചാലഞ്ചുകളാണ് വിദ്യാർഥികൾ പൂർത്തീകരിച്ചത്. കൊന്നക്കാട് ടൗണിൽ നടന്ന സമാപന പരിപാടി പിടിഎ പ്രസിഡന്റ് സനോജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി പോൾ അധ്യക്ഷത വഹിച്ചു.
ഡോ. വിലാസിനി, എസ്എംസി ചെയർമാൻ സി.സി. അരൂപ്, മദർ പിടിഎ പ്രസിഡന്റ് ദീപ മോഹൻ, ആർ.കെ. രാജേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.ബി. ബാലാമണി എന്നിവർ പങ്കെടുത്തു. തുടർന്ന് എൻഎസ്എസ് വോളന്റിയർമാർ ലഹരിക്കെതിരായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.