മൊത്തക്കച്ചവടക്കാരുടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
1600487
Friday, October 17, 2025 7:40 AM IST
കാസർഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലാസ്, പ്ലേറ്റ്, കവറുകള്‍, നിരോധിത വിഭാഗത്തിൽപ്പെട്ട വെള്ളക്കുപ്പികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഉപ്പള, മുട്ടം ഗേറ്റ് എന്നിവിടങ്ങളിലെ ഗോഡൗണുകളിലും ബന്തിയോട്ടെ പാക്കിംഗ് കടയിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും ചെറുവത്തൂരിലെ ട്രേഡേഴ്സ് സ്ഥാപനത്തിൽ നിന്നുമാണ് നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി.
ഉപ്പളയിലെ ഹാളില്‍ നടന്ന പൊതുചടങ്ങില്‍ കുടിവെള്ളം വിതരണം ചെയ്യാൻ നിരോധിത ഗ്ലാസുകള്‍ ഉപയോഗിച്ചതിനും ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. കെട്ടിട സമുച്ചയത്തിന്റെ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതിന് കാഞ്ഞങ്ങാട്ടെ ഷോ്പിംഗ് കോംപ്ലക്സുകളുടെ ഉടമകള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തി. പരിശോധനകൾക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, അംഗം ടി.സി.ശൈലേഷ്, അനു അജയന്, ജോയിന്റ് ബിഡിഒ എം.ഗംഗാധരന്, വിഇഒ ജോണ്സണ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രജനി, ഷെരീഫ് എന്നിവര്‍ നേതൃത്വം നല്കി.