നടപ്പാത നന്നാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1600489
Friday, October 17, 2025 7:40 AM IST
കാസറഗോഡ് : നീലേശ്വരം നഗരസഭയിലെ ആറാം വാർഡിൽ പേരോൽ-പാലക്കാട് ലിങ്ക് റോഡിലുള്ള കക്കോട്ടികുളം നടപ്പാത നന്നാക്കി സുഗമമായി കാൽനടയാത്ര നടത്താനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
300 മീറ്റർ നീളമുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്നും മഴക്കാലത്ത് നടക്കാൻ കഴിയാത്ത നിലയിലാണെന്നുമാരോപിച്ച് നീലേശ്വരം സ്വദേശി അമ്പു നായരുടെ നേതൃത്വത്തിൽ തദ്ദേശവാസികൾ ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നിർദേശം.
നടപ്പാത വീതികൂട്ടുന്നതിന് നഗരസഭ താത്പര്യമെടുത്തെങ്കിലും സൗജന്യമായി സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ തയ്യാറാകാത്തതു കാരണം തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ആവശ്യം ന്യായമാണെങ്കിലും നടപ്പാത വീതി കൂട്ടുന്നതിന് സ്ഥലം വിട്ടു നൽകാൻ സ്വകാര്യ സ്ഥലമുടമകളോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.