കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്കു പരിക്ക്
1600501
Friday, October 17, 2025 7:40 AM IST
ഭീമനടി: പ്ലാച്ചിക്കര വനപാതയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, തോമാപുരം സ്കൂളുകളിലെ അധ്യാപകരുള്‍പ്പെടെ പരിക്കേറ്റ പതിനഞ്ചോളം പേരെ കാഞ്ഞങ്ങാട്ടെയും ചെറുപുഴയിലെയും ആശുപത്രികളിലെത്തിച്ചു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഭീമനടിയില്‍ നിന്ന് ജെസിബി എത്തിച്ചാണ് ബസുകള്‍ റോഡില്‍നിന്ന് തള്ളിനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് മാനന്തവാടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരേ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. സ്കൂളുകൾ വിടുന്ന സമയമായതിനാൽ കുട്ടികൾ ഉൾപ്പെടെ പെരുവഴിയിലായി. കൊടുംവളവുള്ള സ്ഥലത്ത് റോഡിലേക്ക് കാടും പടർപ്പുകളും വളർന്നു നിൽക്കുന്നതുമൂലം ഡ്രൈവർമാരുടെ കാഴ്ച മറയുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.