ദേശീയപാതയിലേക്ക് കയറാൻ വഴിയില്ല; ജില്ലാ ആസ്ഥാനം ഗതാഗതക്കുരുക്കിലമരുമെന്ന് ആശങ്ക
1600500
Friday, October 17, 2025 7:40 AM IST
കാസർഗോഡ്: കാസർഗോഡ് നഗരത്തിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയില്ലാത്തത് ജില്ലാ ആസ്ഥാനത്തെ സ്ഥിരമായി ഗതാഗതക്കുരുക്കിലാക്കുമെന്ന് ആശങ്ക. സിപിസിആർഐയ്ക്കു സമീപമുള്ള ചൗക്കി കഴിഞ്ഞാൽ പിന്നെ നഗരം പിന്നിട്ട് നായന്മാർമൂലയിൽ മാത്രമാണ് വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയുള്ളത്.
നഗരത്തിൽ നിന്നുള്ള ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കുമുൾപ്പെടെ ഈ സ്ഥലങ്ങളിലെത്തുന്നതുവരെ സർവീസ് റോഡുകളിലൂടെ മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. വീതികുറഞ്ഞ സർവീസ് റോഡിലൂടെ ഇത്രയും വാഹനങ്ങൾ പോകേണ്ടിവരുമ്പോൾ ഗതാഗതക്കുരുക്ക് ഉറപ്പാണ്.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ നഗരമധ്യത്തിലെ മേൽപ്പാലം തീരുന്ന നുള്ളിപ്പാടിക്കു സമീപം വഴിയൊരുക്കിയിട്ടുണ്ട്. തിരിച്ച് ദേശീയപാതയിലേക്ക് കയറാനാണ് നഗരപരിധിയിൽ എവിടെയും വഴിയില്ലാത്തത്.
ജില്ലാ ആസ്ഥാനവും നിരവധി സർക്കാർ ഓഫീസുകളും കോടതികളും സ്കൂളുകളും ഗവ. കോളജുമെല്ലാം ഉൾക്കൊള്ളുന്ന വിദ്യാനഗർ പ്രദേശത്ത് ഇപ്പോൾത്തന്നെ വാഹനത്തിരക്കൊഴിഞ്ഞ നേരമില്ലെന്ന സ്ഥിതിയാണ്. കറന്തക്കാട്ടെ അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള വാഹനങ്ങളും ഇത്രയും ദൂരം സർവീസ് റോഡിലൂടെ പോകേണ്ടിവരുന്നത് കൂടുതൽ വലിയ കുരുക്കാകും. ഇരുവശങ്ങളിലും മേൽപ്പാലം തുടങ്ങുന്ന ഇടത്തിനും അവസാനിക്കുന്ന ഇടത്തിനും സമീപം വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയാൽ പ്രശ്നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.