വിഭവങ്ങൾ കൂടി; പക്ഷേ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പിന്നെയും കുടിശിക
1601041
Sunday, October 19, 2025 7:36 AM IST
കാസർഗോഡ്: ചിക്കനും മുട്ടയും ചെറുധാന്യങ്ങളുമെല്ലാം ചേർത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച് കൈയടി നേടിയെങ്കിലും അതിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്ക്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകിയ ഉച്ചഭക്ഷണത്തിന് ചെലവായ തുക ഇതുവരെ സ്കൂളുകളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
ചോറുവയ്ക്കുന്നതിനുള്ള ഫോർട്ടിഫൈഡ് അരി മാത്രമാണ് സർക്കാർ സൗജന്യമായി നൽകുന്നത്. ബാക്കി സാധനങ്ങൾ സ്കൂൾ അധികൃതർ പ്രാദേശികമായി വാങ്ങുകയാണ്്. മിക്കയിടങ്ങളിലും വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇവയ്ക്കുള്ള ബിൽ മാസാവസാനം ഒരുമിച്ചുനൽകുകയാണ് പതിവ്.
സർക്കാർ തുക അനുവദിക്കുന്ന മുറയ്ക്കാണ് വ്യാപാരികൾക്ക് പണം നൽകുക. മുൻകാലങ്ങളിൽ ഒരു മാസം വാങ്ങിയ സാധനങ്ങളുടെ വില തൊട്ടടുത്ത മാസം തന്നെ ലഭിച്ചിരുന്നു. ഇപ്പോൾ ഇത് മുടങ്ങിയതോടെ വ്യാപാരികൾ സാധനങ്ങൾ കടം നല്കാത്ത സാഹചര്യമാണ്.
വൈകാതെ തെരഞ്ഞെടുപ്പുകളും പെരുമാറ്റച്ചട്ടവുമൊക്കെ വരുന്നതുകൊണ്ട് ഭരണമാറ്റം വന്നാൽ ഈ തുക കിട്ടാതായിപ്പോകുമോ എന്ന സംശയമാണുള്ളത്. 500 കുട്ടികൾക്ക് ഒരു മാസം ഉച്ചഭക്ഷണം തയാറാക്കി നൽകാൻ ശരാശരി ഒന്നര ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്ക്.
വിഭവങ്ങളുടെ എണ്ണം കൂടിയതോടെ ഈ ചെലവ് പിന്നെയും കൂടി. വിവിധ തരം പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട എന്നിവയ്ക്കു പുറമേ പാചകവാതകത്തിനുള്ള ചെലവും ഇതേ ഫണ്ടിൽ നിന്ന് കണ്ടെത്തണം. ബിരിയാണിയും മറ്റും തയാറാക്കി നൽകേണ്ടിവരുമ്പോൾ ചിക്കനും വേണ്ടിവരും. പലയിടങ്ങളിലും പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും ചെലവിലാണ് അധികവിഭവങ്ങൾ തയാറാക്കി നൽകുന്നത്.
വിഭവങ്ങൾ കൂട്ടിയിട്ടും ഉച്ചഭക്ഷണത്തിനുള്ള സർക്കാർ ഫണ്ട് കാര്യമായി ഉയർത്തിയിട്ടില്ലാത്തതിനാൽ പലപ്പോഴും കൂടുതലായി ചെലവാകുന്ന തുക അധ്യാപകരും പിടിഎയും ചേർന്ന് വഹിക്കേണ്ട അവസ്ഥയാണ്.
കുട്ടികളുടെ ഭക്ഷണ മെനുവിൽ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി റാഗി ബോള്സ്, റാഗി കൊഴുക്കട്ട, റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ മാസത്തിൽ ഒന്നോ രണ്ടോ ദിവസം നൽകണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം.
ഇവയിൽ ശർക്കരയും പഞ്ചസാരയും ചേർക്കാനും അനുവദിച്ചിട്ടുണ്ട്. ആശയം നല്ലതാണെങ്കിലും ഇനി ഇവയ്ക്കു കൂടിയുള്ള ചെലവ് എവിടെനിന്നു കണ്ടെത്തുമെന്നതാണ് സ്കൂൾ അധികൃതർക്കു മുന്നിലുള്ള ചോദ്യം.