കോയാമ്പുറം വയലിൽ വിളവെടുപ്പുത്സവം നടത്തി
1601043
Sunday, October 19, 2025 7:36 AM IST
ചെറുവത്തൂർ: ഒരു പതിറ്റാണ്ടിലേറെക്കാലമായി തരിശിട്ടിരുന്ന ചെറുവത്തൂർ കാടങ്കോട് കോയാമ്പുറം പാടശേഖരത്തിൽ വീണ്ടും വിളക്കൊയ്ത്തിന്റെ ആരവം. ആറ് ഹെക്ടറോളം വരുന്ന വയലിൽ ചെറുവത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നീലേശ്വരം അഗ്രോ സർവീസ് സെന്ററിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിയിറക്കിയത്.
കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.കെ.പി. റഹ്മത്ത്, നീലേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ബിന്ദു, ജലവിനിയോഗ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജി. നിഷ, കൃഷി ഓഫീസർ നിമ്യ മോഹൻ, പാടശേഖര സമിതി സെക്രട്ടറി പി.പി. പീതാംബരൻ എന്നിവർ പങ്കെടുത്തു. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഏഴോം രണ്ട് ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.