ജില്ലാ സ്കൂൾ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി
1601039
Sunday, October 19, 2025 7:36 AM IST
കാസർഗോഡ്: മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി. ഇത്തവണ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവം നടത്താനാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ മടിച്ചുനിൽക്കുകയാണ്.
നേരത്തേ ജില്ലാ സ്കൂൾ കായികമേളയുടെയും ശാസ്ത്രോത്സവത്തിന്റെയും നടത്തിപ്പും ഇത്തരത്തിൽ പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യാസവകുപ്പ് അധികൃതർ ഏറെ നിർബന്ധിച്ചാണ് ബന്ധപ്പെട്ട സ്കൂളുകളെ സമ്മതിപ്പിച്ചത്.
കാസർഗോഡ് ഉപജില്ലാ കലോത്സവം മുള്ളേരിയ ഗവ. സ്കൂളിൽ നടത്തുന്ന കാര്യവും ഇങ്ങനെ പലതവണ ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനമായത്.
കുണ്ടംകുഴി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ കലോത്സവം നടത്താൻ സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ കലോത്സവം നടത്താനുള്ള സാമ്പത്തിക സമാഹരണവും വിഭവ സമാഹരണവും നടത്താൻ പ്രാദേശിക തലത്തിലെ പൊതുപ്രവർത്തകർക്ക് സമയവും താത്പര്യവുമില്ലാത്തതും ഒരു കാരണമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മറ്റു സ്കൂളുകളുടെ പിന്മാറ്റത്തിനു പിന്നിലും ഈയൊരു കാരണമുണ്ട്.
കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും സ്കൂളുകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. കുമ്പള ഉൾപ്പെടുന്ന കാസർഗോഡ് ഉപജില്ലയിൽ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾ മടിച്ചതിനു പിന്നിൽ ഈ കാരണം കൂടിയുണ്ടെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു. നാടകം, മൈം, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ വിവാദ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്വം അധ്യാപകരുടെ മേലാകുമെന്നാണ് ഇവരുടെ ആശങ്ക.
ജില്ലാ കലോത്സവത്തിന്റെ കാര്യത്തിലും ഈ ആശങ്കയുണ്ടെന്ന് ഇവർ പറയുന്നു. എന്തായാലും കുണ്ടംകുഴി സ്കൂൾ അധികൃതരുമായി വീണ്ടും ചർച്ച നടത്തി കലോത്സവം അവിടെത്തന്നെ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. സ്കൂൾ അധികൃതരുടെ സമ്മതം കിട്ടിയാൽ വരുംദിവസങ്ങളിൽ തന്നെ സംഘാടകസമിതി രൂപീകരണ യോഗം ചേരാനാണ് തീരുമാനം.