ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
1601047
Sunday, October 19, 2025 7:36 AM IST
ചെറുവത്തൂർ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും. എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പതിനാറോളം ടീമുകള്‍ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
നീലേശ്വരം: ഇന്ന് കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനത്തും സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
മടക്കര - ചെറുവത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനത്തും അച്ചാംതുരുത്തി രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസം ഉണ്ടാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കും. പുഴയിൽ ചെറുവള്ളങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകൾക്കും ഫിനിഷിംഗ് പോയിന്റിനും സമീപം ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. കുട്ടികളെയും സ്ത്രീകളെയും വഹിച്ചുകൊണ്ട് ചെറുവള്ളങ്ങൾ പുഴയിൽ ഇറക്കാൻ പാടില്ല. ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുന്നതാണെന്നും പോലീസ് അറിയിച്ചു.