വാർഡുകളുടെ ചിത്രം തെളിയുന്നു; സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് മുന്നണികൾ
1601482
Tuesday, October 21, 2025 1:48 AM IST
കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ വാർഡുകളുടെ ചിത്രം തെളിയും. ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. അതുകൂടി കഴിയുന്നതോടെ മുന്നണികൾക്ക് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കാം.
പ്രസിഡന്റ് സ്ഥാനം വനിതകൾക്കോ പട്ടികവിഭാഗങ്ങൾക്കോ സംവരണം ചെയ്യുന്ന തദ്ദേശസ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തന്നെ വിജ്ഞാപനമുണ്ടാകും. തുടർന്ന് തെരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഈ മാസാവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
നഗരസഭകളുടെ കാര്യത്തിൽ ചെയർപേഴ്സൺ സ്ഥാനം നിലവിൽ വനിതകൾ വഹിക്കുന്ന കാഞ്ഞങ്ങാടും നീലേശ്വരവും ജനറലാകുമെന്നും ഇപ്പോൾ ജനറലായ കാസർഗോഡ് നഗരസഭ വനിതാസംവരണമാകുമെന്നും ഏതാണ്ടുറപ്പാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഇത്തവണ ജനറലാകാനാണ് സാധ്യത. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തിലും സാധാരണഗതിയിൽ പ്രസിഡന്റ് സ്ഥാനം നിലവിൽ വനിതാസംവരണമായ ഇടങ്ങളിൽ ജനറലും ജനറൽ ആയ ഇടങ്ങളിൽ വനിതാസംവരണവും ആകും. എന്നാൽ പട്ടികജാതി, പട്ടിക വർഗ സംവരണവും ഈ വിഭാഗങ്ങളിലെ വനിതകൾക്കായുള്ള സംവരണവും വരുമ്പോൾ ചിലയിടങ്ങളിലെങ്കിലും ഈ കണക്കുകൂട്ടൽ തെറ്റാനും ഇടയുണ്ട്.
ഇക്കാര്യത്തിൽ കൂടി തീരുമാനമാകുന്നതോടെ ഭരണം കിട്ടാനിടയുള്ള ഇടങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ ഉൾപ്പെടെ നിശ്ചയിച്ച് മുന്നണികൾക്ക് പ്രവർത്തനം തുടങ്ങാനാകും. പ്രാദേശിക തലത്തിലുള്ള തെരഞ്ഞെടുപ്പായതിനാൽ സാധാരണ നിലയിൽ വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾക്കായിരിക്കും മുൻതൂക്കം.
എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനം മേൽഘടകങ്ങളിൽ നിന്നുണ്ടാകാനാണ് സാധ്യത. ഒപ്പത്തിനൊപ്പമുള്ള വാർഡുകളിൽ വിജയസാധ്യത മുൻനിർത്തി പൊതുസ്വീകാര്യരായ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള ശ്രമങ്ങൾ മൂന്നു മുന്നണികളും തുടങ്ങിയിട്ടുണ്ട്. അടവുനയങ്ങളുടെ ഭാഗമായി പാർട്ടി നേതാക്കൾ തന്നെ ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രവേഷത്തിൽ രംഗത്തിറങ്ങാനുള്ള സാധ്യതയും ചിലയിടങ്ങളിലുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും മൂന്നു മുന്നണികളും ഈ തന്ത്രം പയറ്റി ജയിച്ചതാണ്. മലയോരമേഖലയിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന സ്ഥാനാർഥികളെ തേടിപ്പിടിക്കാനുള്ള ശ്രമം ബിജെപിയും തുടങ്ങിയിട്ടുണ്ട്.