സന്യാസ സമൂഹങ്ങൾ നന്മ പ്രകാശിപ്പിക്കുന്ന മുഖങ്ങൾ: മാർ ജോസഫ് പാംപ്ലാനി
1601483
Tuesday, October 21, 2025 1:48 AM IST
പാലാവയൽ: സന്യാസ സമൂഹങ്ങൾ സഭയിലെ നന്മയുടെ പ്രകാശിപ്പിക്കുന്ന മുഖങ്ങളാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കണ്ണിവയൽ ലിസ്യു ഭവൻ ഓൾഡേജ് ഹോമിന്റെ രജതജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അനേകം പ്രസ്ഥാനങ്ങും വ്യക്തികളും നന്മ മരങ്ങളും ഉണ്ട് എന്നത് ഈ നാടിന്റെ നന്മയും സവിശേഷതയുമാണ്. പക്ഷേ കന്യാസ്ത്രീകളും ക്രൈസ്തവരും ചെയ്യുന്നതിന് ഒരു വ്യത്യാസമുണ്ട്.
അവർ പാവപ്പെട്ടവനെ ദൈവതുല്യനായി, ക്രിസ്തുവിന്റെ മുഖമായി കണ്ട് ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുന്നുവെന്നതാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷത വഹിച്ചു. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ. ഡോ. മാണി മേൽവെട്ടം, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ, സാമൂഹ്യക്ഷേമ വകുപ്പ് സീനിയർ സൂപ്രണ്ട് എം. അബ്ദുള്ള, കണ്ണിവയൽ ഇടവക കോ-ഓർഡിനേറ്റർ സോണി പൊടിമറ്റത്തിൽ, എംഎൽഎഫ് സുപ്പീരിയർ ജനറൽ സിസ്റ്റർ മെർലിൻ ജേക്കബ്, ലിസ്യു ഭവൻ ഡയറക്ടർ സിസ്റ്റർ ജ്യോതി മാത്യു എംഎൽഎഫ്, ജനറൽ കൗൺസിലർ മേരി ജെയ്സൺ എംഎൽഎഫ് എന്നിവർ പ്രസംഗിച്ചു.
കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് സൺഡേ സ്കൂൾ കുട്ടികൾ വിശുദ്ധ കൊച്ചുത്രേസ്യയുടെ നൃത്താവിഷ്കാരവും ലിസ്യു ഭവൻ അന്തേവാസികൾ ആംഗ്യപാട്ടും അവതരിപ്പിച്ചു.
പൊതുസമ്മേളനത്തിനു മുമ്പായി മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിയിൽ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ, ഫാ. പ്രിയേഷ് കളരിമുറിയിൽ എന്നിവർ സഹകാർമികരായിരുന്നു.