ക്വാറി ഉത്പന്നങ്ങള്‍ കിട്ടാനില്ല; നിര്‍മാണമേഖല പ്രതിസന്ധിയില്‍
1601911
Wednesday, October 22, 2025 7:29 AM IST
കാഞ്ഞങ്ങാട്: ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും വിലവര്‍ധനവും മൂലം നിര്‍മാണമേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കാനോ നടപ്പിലാക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ജില്ലാകമ്മിറ്റി അറിയിച്ചു.
രണ്ടുവര്‍ഷം മുമ്പ് ജില്ലയിലെ അമ്പതിലധികം കരിങ്കല്‍ ക്വാറികളുണ്ടായിരുന്നെങ്കില് കഴിഞ്ഞ ആറുമാസത്തിലധികമായി ജില്ലയിലെ ഏതാണ്ട് എല്ലാ ക്വാറികളും പൂട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇതിന് ഏജന്റുമാര്‍ തോന്നുംപോലെയാണ് വില വര്‍ധിപ്പിക്കുന്നത്. സമീപകാലത്തായി 30 മുതല്‍ 50 ശതമാനത്തിലധികമായ വിലവര്‍ധനവാണ് വന്നിട്ടുള്ളത്.
വന്‍കിട കരാറുകാര്‍ വലിയ തുക അഡ്വാന്‍സ് നല്‍കിയാണ് ക്വാറി ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍ നിന്നെത്തിക്കുന്നത്. ചെറുകിട കരാറുകാര്‍ക്ക് ഇതു സാധിക്കുകയില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെയും ജിയോളജി വകുപ്പിന്റെയും കടുത്ത നിയന്ത്രണങ്ങളാണ് ക്വാറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് കരാറെടുത്ത പ്രവൃത്തികള്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തനിലയിലാണുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള സമ്മര്‍ദ്ദം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുമുണ്ട്. എംഎല്‍എ ഫണ്ടില്‍ നടക്കുന്ന പ്രവൃത്തികളുടെ ബില്‍ പാസാകാന്‍ എട്ടുമാസം സമയമെടുക്കും. ശുചിത്വമിഷന് പ്രവൃത്തിയുടേത് ഒരു വര്‍ഷമായും വാട്ടര്‍ അഥോറിറ്റിയുടേത് രണ്ടുവര്‍ഷമായും ബില്‍ പാസാകാതെ കുടിശികയായിരിക്കുകയാണ്. വര്‍ഷത്തില്‍ ഏഴുമാസത്തോളം മഴ പെയ്യുന്ന കേരളത്തില്‍ റോഡ് നിര്‍മിക്കുമ്പോള്‍ അതു തകരാതിരിക്കണമെങ്കില്‍ ഉന്നതനിലവാരം ആവശ്യമാണ്. അതിന് എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ഊരാളുങ്കല്‍ സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുമ്പോള്‍ അവര്‍ തയാറാക്കുന്ന എസ്റ്റിമേറ്റ് സര്‍ക്കാര്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ചെറുകിട കരാറുകാരുടെ കാര്യത്തില്‍ ഇതു നേരെ തിരിച്ചാണ്.
ലോക്കല്‍ മാര്‍ക്കറ്റ് നിരക്കില്‍ കുറവുവരുത്തണമെന്നത് അശാസ്ത്രീയം
പൊതുമരാമത്ത് വകുപ്പിലും എല്എസ്ജിഡിയിലും നടക്കുന്ന ടെൻഡര്‍ നടപടികളില്‍ അശാസ്ത്രീയമായ നിബന്ധനകളാണുള്ളതെന്ന് കെജിസിഎഫ് ഭാരവാഹികള്‍ ആരോപിക്കുന്നു. എസ്റ്റിമേറ്റ് നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ ടെണ്ടര്‍ രേഖപ്പെടുത്തി കഴിഞ്ഞാലും പിന്നീട് പ്രൈസ് എന്ന സോഫ്റ്റവേറില്‍ ലോക്കല്‍ മാര്‍ക്കറ്റ് നിരക്ക് (എല്‍എംആര്‍) എന്ന കോളത്തില്‍ ഈ നിരക്ക് വീണ്ടും കുറയ്ക്കേണ്ടിവരികയാണ്.
കുറയ്ക്കാനുള്ള ഓപ്ഷന് മാത്രമാണ് ഈ കോളത്തിലുള്ളത്. ഈ ആവശ്യമുയര്‍ത്തി ടെൻഡര്‍ മടക്കി അയക്കുന്നരീതി വകുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതു തീര്‍ത്തും അശാസ്ത്രീയവും നീതീകരിക്കാന്‍ കഴിയാത്തതുമാണ്. ഒരു എസ്റ്റിമേറ്റായി ടെൻഡര്‍ ക്ഷണിച്ചുകഴിഞ്ഞാല്‍ പിന്നീട് എല്‍എംആര്‍ പരിഗണിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് കെജിസിഎഫ് ഭാരവാഹികള്‍ പറയുന്നു. കരാറുകാരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നത്.
എല്‍എംആര്‍ നിരക്കില്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറല്ലെന്നും ഈ മേഖലയില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കരാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് ശക്തമായ സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബി.എം. കൃഷ്ണന് നായര്‍, സെക്രട്ടറി ജി.എസ്. രാജീവ്, കൃഷ്ണപൊതുവാള്‍, എ. ആമു, ബി. പ്രഭാകരന്, റഷീദ് തോയമ്മല്‍ എന്നിവര്‍ പങ്കെടുത്തു.