ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
1601913
Wednesday, October 22, 2025 7:29 AM IST
കടുമേനി: ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കടുമേനിയിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിയിൽ അധ്യക്ഷത വഹിച്ചു.
കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ മാനേജർ ഫാ. മാത്യു വളവനാൽ, ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെസീന്ത ജോണി, പഞ്ചായത്തംഗങ്ങളായ മേഴ്സി മാണി, സിന്ധു ടോമി, എസ്എൻഡിപി എയുപി സ്കൂൾ മാനേജർ പ്രദീപ്കുമാർ, പരപ്പ ബിആർസി ബിപിസി സി. ഷൈജു, സിസ്റ്റർ ക്ലയർ, ദിലീപ് ടി. ജോസഫ്, ടി.ജെ. ഷൈജുമോൻ, മുഹമ്മദ് ആരിഫ് സഖാഫി അൽഅൻസാരി, എ.ഡി. രത്നാകരൻ, ടി.ഡി. വിജയശ്രീ, ജനറൽ കൺവീനർ എം.എ. ജിജി എന്നിവർ പ്രസംഗിച്ചു.
കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ, എസ്എൻഡിപി എയുപി സ്കൂൾ, മുണ്ഡ്യക്കാവ് ഓഡിറ്റോറിയം, കടുമേനി സെന്റ് മേരീസ് പാരിഷ് ഹാൾ എന്നി അഞ്ചു വേദികളിലായി നടക്കുന്ന 70 സ്കൂളുകളിൽ നിന്നായി 1500 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രമേള എൽപി വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എൽപി സ്കൂളും ചായ്യോത്ത് ജിഎച്ച്എസ്എസും യുപി വിഭാഗത്തിൽ കമ്പല്ലൂർ ജിഎച്ച്എസ്എസും ചായ്യോത്ത് ജിഎച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസും ചായ്യോത്ത് ജിഎച്ച്എസ്എസും ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ ജിഎച്ച്എസ്എസും പാലാവയൽ സെന്റ് ജോൺസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രവൃത്തിപരിചയമേളയിൽ എൽപി വിഭാഗത്തിൽ വെള്ളരിക്കുണ്ട് നിർമലഗിരി എൽപിഎസും യുപി വിഭാഗത്തിൽ കുമ്പളപള്ളി എസ്കെജിഎം എയുപിഎസും ഹൈസ്കൂൾ വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ ജിഎച്ച്എസ്എസും ജേതാക്കളായി. ഓവറോൾ മത്സരത്തിൽ 407 പോയിന്റ് നേടി കമ്പല്ലൂർ ജിഎച്ച്എസ്എസ് മുന്നിട്ടുനിൽക്കുന്നു.
ഇന്നു സാമൂഹ്യ ശാസ്ത്രമേള ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിലും കടുമേനി പാരിഷ് ഹാളിലും നടക്കും. ഐടി മേള സെന്റ് മേരീസ് ഹൈസ്കൂളിലും, ഗണിതശാസ്ത്രമേള എസ്എൻഡിപി യുപി സ്കൂളിലും മുണ്ഡ്യക്കാവ് ഓഡിറ്റോറിയത്തിലും നടക്കും. മേള ഇന്നു സമാപിക്കും.