ബസ് കാത്തിരിപ്പ് കേന്ദ്രം ചെളിവെള്ളം കയറി ഉപയോഗ ശൂന്യമായി
1572967
Friday, July 4, 2025 11:41 PM IST
ചെറുതോണി: വെള്ളവും ചെളിയുംനിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പ്രവേശിക്കാനാവാതെ യാത്രക്കാർ. അടിമാലി - കുമളി ദേശീയ പാതയിൽ വാഴത്തോപ്പ് പള്ളിക്കവലയിൽ പഞ്ചായത്ത് വക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഉപയോഗശൂന്യമായിരിക്കുന്നത്.
നല്ലൊരു മഴ പെയ്താൽ റോഡരുകിലൂടെ ഒഴുകുന്ന മഴവെള്ളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് കയറും.
ചെളിയും വെള്ളവും കെട്ടിക്കിടന്ന് ബസ് കാത്തുനിൽക്കുന്നവർ മഴയത്തുപോലും പുറത്തുനിൽക്കേണ്ട ഗതികേടിലാണ്. റോഡ് ഉയർത്തി പണിതതോടെയാണ് ചെളിയും വെള്ളവും കെട്ടിടത്തിനകത്ത് കയറാൻ തുടങ്ങിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറ അര അടി ഉയർത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളെങ്കിലും അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെയാണ് ബസ് കാത്തുനിൽക്കേണ്ടത്. എത്രയും വേഗം ബസ് കാത്തിരിപ്പ് കേന്ദ്രം ജനങ്ങൾക്ക് പ്രയോജനപ്പെടുന്നവിധമാക്കണമെന്ന് യാത്രക്കാരും വിദ്യാർഥികളും ആവശ്യപ്പെട്ടു.