ഷോപ്പ് സൈറ്റുകൾക്ക് പട്ടയം: മന്ത്രിസഭാ തീരുമാനം ആശയക്കുഴപ്പം പരിഹരിക്കാൻ- മന്ത്രി റോഷി
1600387
Friday, October 17, 2025 6:06 AM IST
ഇടുക്കി: ഷോപ്പ് സൈറ്റുകൾക്ക് വിസ്തീർണപരിധിയില്ലാതെ പട്ടയം നൽകാനുള്ള മന്ത്രിസഭ തീരുമാനം സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
1993-ലെ ചട്ടത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങൾക്ക് പട്ടയം നൽകുന്നതിനു ഉണ്ടായിരുന്ന അവ്യക്തത പരിഹരിക്കുകയായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ ലക്ഷ്യം. 2009-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം 1993-ലെ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്ന ഷോപ്സ് എന്നത് 2009 ലെ സർക്കാർ ഉത്തരവ് പ്രകാരം ചെറിയ കടകൾ എന്ന് വ്യാഖ്യാനിക്കപ്പെടുകയും ഇതു 1500 ചതുരശ്ര അടിയിൽ താഴെയുള്ളവയാണെന്ന് അനുമാനിക്കുകയും ചെയ്തിരുന്നു. 1993-ലെ ചട്ടപ്രകാരം പട്ടയം നൽകുന്നതിനുള്ള വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽപ്പെട്ട വസ്തുക്കളിൽ കടകൾ ഉണ്ടായിരുന്നതിനാൽ കടയുടെ വിസ്തീർണം നോക്കി മാത്രമേ പട്ടയം നൽകാൻ സാധിക്കൂ എന്നതായിരുന്നു സ്ഥിതി. ഇതോടെ പട്ടയം നൽകാൻ സാധിക്കാത്ത അവസ്ഥയുണ്ടായി.
ഈ പ്രതിസന്ധി മറികടക്കാനായി പട്ടയം ഇല്ലാത്ത വസ്തുവിൽ ചട്ടപ്രകാരം പട്ടയം നൽകാൻ കഴിയുന്ന തരം വസ്തുവാണെങ്കിൽ കടയുടെ വലിപ്പം നോക്കാതെ പട്ടയം നൽകാം എന്നാണ് മന്ത്രിസഭ തീരുമാനം. മറിച്ച് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സിഎച്ച്ആർ കേസുമായി ബന്ധപ്പെട്ടതോ സിഎച്ച്ആർ ഭൂമിയിലോ പട്ടയം നൽകുന്നതിനല്ല ഈ തീരുമാനം. 1993-ചട്ടത്തിലെ രണ്ടാം വകുപ്പ് (എഫ്) ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വസ്തുവിൽ മാത്രമാണ് ഇത്തരം പട്ടയം നൽകാൻ കഴിയുന്നത്.
1993-ലെ ചട്ടത്തിന്റെ സാധുത 1999-ലെ വിധി വഴി ഹൈക്കോടതിയും 2009-ലെ വിധി വഴി സുപ്രീം കോടതിയും ശരിവച്ചതിനാൽ ഇക്കാര്യത്തിൽ അവ്യക്തതയില്ല. മന്ത്രിസഭ തീരുമാനത്തെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസുമായി കൂട്ടിക്കുഴച്ച് ആശങ്ക പരത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.