അമ്മയുടെ ദൂരം മറികടന്ന് മകൾ
1600557
Friday, October 17, 2025 10:54 PM IST
നെടുങ്കണ്ടം: കായിക താരമായ അമ്മയുടെ ശിക്ഷണത്തിലെത്തിയ നിയ അമ്മയെക്കാൾ ഒരു പടി മുന്നിലെത്തി സ്വർണം നേടി. റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ സബ് ജൂണിയർ ഷോട്ട്പുട്ടിൽ ആദ്യ ശ്രമത്തിൽത്തന്നെയാണ് നിയയുടെ സുവർണ നേട്ടം. 2000ൽ സബ് ജൂണിയർ മത്സരത്തിൽ അമ്മ ഹണി എറിഞ്ഞു നേടിയ 7.33 മീറ്റർ 7.79 മീറ്ററായി ഉയർത്തിയാണ് നിയയുടെ മുന്നേറ്റം.
റവന്യൂ ജില്ലാ കായികമേളയിൽ തുടർച്ചയായി അഞ്ചു തവണയാണ് നിയയുടെ മാതാവ് ഹണി ഷോട്ട്പുട്ടിൽ സ്വർണം നേടിയത്. ഒരു തവണ സംസ്ഥാന ചാന്പ്യനുമായി. പിന്നീട് ഹണി കളം വിട്ടെങ്കിലും ഷോട്ട്പുട്ടും കായിക മത്സരങ്ങളും എന്നും മനസിൽ സൂക്ഷിച്ചിരുന്നു. മക്കളിലൂടെ തന്റെ സ്വപ്നം യാഥാർഥ്യമാക്കുക എന്നതായിരുന്നു ഈ അമ്മയുടെ ലക്ഷ്യം. അങ്ങനെയാണ് മൂത്ത മകളായ നിയയുടെ പരിശീലക റോളിൽ അമ്മയെത്തിയത്.
രാവിലെ അമ്മയുടെയും വൈകുന്നേരം കായികാധ്യാപികയായ സൂസൻ ജോസഫിന്റെയും ശിക്ഷണത്തിലുമാണ് നിയ ആദ്യ മത്സരത്തിന് ഇറങ്ങിയത്. പട്ടം കോളനി സഹകരണ ബാങ്ക് സെക്രട്ടറി റോബിനാണ് പിതാവ്. കട്ടപ്പന ഒസാനാം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണ് നിയ.