കലയുടെ വസന്തമൊരുക്കി സെൻട്രൽ കേരള സിബിഎസ്ഇ സഹോദയ കലോത്സവം
1599985
Wednesday, October 15, 2025 11:27 PM IST
തൊടുപുഴ: കലയുടെ വസന്തമൊരുക്കി സെൻട്രൽ കേരള സിബിഎസ്ഇ സഹോദയ കലോത്സവം സർഗധ്വനി - 2025ന് തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. നിറഞ്ഞ സദസിനു മുന്നിൽ സിനിമാതാരം കലാഭവൻ ഷാജോൺ കലോത്സവം ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിച്ചു.
ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസണ്‍ എൻ.ആന്റണി കലോത്സവത്തിന്റെ ഭാഗ്യ ചിഹ്നമായ ലൂണിയുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന സിഎംസി അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് അഡ്വ.സിജോ ജെ. തൈച്ചേരി, ലോക്കൽ മാനേജർ സിസ്റ്റർ സീന മരിയ, സികഐസ് സെക്രട്ടറി ജയ്ന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, സിസ്റ്റർ റോസ് മരിയ എസ്എബിഎസ്, ഷീനു സൈമണ്‍, ജോജു ജോസഫ്, അനിത ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സിഎംസി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗിരീഷ് ബാലൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ചു കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
കുട്ടികൾക്കൊപ്പം
ഷാജോണ്‍
തൊടുപുഴ: സഹോദയ കലോത്സവം ഉദ്ഘാടകനായ കലാഭവൻ ഷാജോണിന്റെ സാന്നിധ്യം സദസിന് ആവേശം പകർന്നു. പാട്ടു പാടിയും കലാ ജീവിതാനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹം കാണികളുടെ മനം കവർന്നു. തൊടുപുഴ വിമല പബ്ലിക് സ്കൂൾ മ്യൂസിക് ബാൻഡ് ഗ്രൂപ്പ് അവതരിപ്പിച്ച മനോഹരമായ ചെയിൻ സോംഗിനെ പ്രശംസിച്ച അദ്ദേഹം ഗാനം അവതരിപ്പിച്ച വിദ്യാർഥികളെയും അധ്യാപകനെയും അഭിനന്ദിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളമായി സെൽഫിയെടുത്തും സൗഹൃദം പങ്കിട്ടുമാണ് ഷാജോണ്‍ മടങ്ങിയത്.
ഇന്ന് അരങ്ങുണരും
ഇന്നു മുതൽ 18 വരെ രംഗകലകൾ അരങ്ങേറും. മഴവിൽ, സർഗം, നാട്യം, ഭാവം, സ്വരം, രാഗം, ലാസ്യം, ശ്രുതി, നാദം, താളം, മേളം, ലയം, കാവ്യം, ഗീതം, വിസ്മയ എന്നിങ്ങനെ 15 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇൻഡോർ സ്റ്റേഡിയം, കെജി സെക്ഷൻ, എൽപി ബ്ലോക്ക്, എച്ച്എസ് ബ്ലോക്ക്, എച്ച്എസ്എസ് കംപ്യൂട്ടർ ലാബ് എന്നിവിടങ്ങളാണ് വേദികൾ. ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ നൂറിൽപരം സ്കൂളുകളിൽനിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കും.