വന്യമൃഗശല്യം തടയാൻ എഐ ഉപയോഗിക്കും: മന്ത്രി പ്രസാദ്
1599453
Monday, October 13, 2025 11:40 PM IST
വണ്ണപ്പുറം: ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുളള ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ കാർഷിക മേഖലയിൽ നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ്. വണ്ണപ്പുറം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ വഴി വന്യമൃഗ ആക്രമണം തടയാൻ സാധിക്കും. ഇത്തരം ഉപകരണങ്ങൾ കൃഷിക്കാർക്ക് ലഭ്യമാക്കും. വന്യജീവി സംഘർഷം നേരിടുന്ന തൊടുപുഴ നിയോജകമണ്ഡലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
വന്യമൃഗശല്യം ചെറുക്കുന്നതിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബജറ്റിൽ സ്വന്തം ഫണ്ടിൽനിന്ന് രണ്ട് കോടി മാറ്റിവച്ചത് കൃഷിവകുപ്പാണ്. 36 കോടി ഈ മേഖലയിൽ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ റഹീമ പരീത്, ജഗദമ്മ വിജയൻ, സുബൈദ സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആൽബർട്ട് ജോസ്, ഷൈനി സന്തോഷ്, രവി കൊച്ചിടക്കുന്നേൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഏബ്രഹാം സെബാസ്റ്റ്യൻ, ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടർ ഡീന എബ്രഹാം എന്നിവർ പ്രസംഗിച്ചു. മുതിർന്ന കർഷകൻ കുന്നപ്പള്ളിൽ സേവ്യർ ഒൗസേപ്പിനെ ചടങ്ങിൽ ആദരിച്ചു.