കാപ്പാ കേസ് പ്രതിയും കൂട്ടാളികളും വെടിയുണ്ടകളുമായി പിടിയിൽ
1598939
Saturday, October 11, 2025 11:10 PM IST
പീരുമേട്: കാപ്പാ കേസ് പ്രതിയെയും കൂട്ടാളികളെയും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തു. കാപ്പാ കേസിൽ കൊല്ലം ജില്ലയിൽനിന്ന് പുറത്താക്കിയ പുനലൂർ സ്വദേശി ജയിൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയിൻ പീരുമേട്ടിൽ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിന്റെ കെയർ ടേക്കർ പുനലൂർ മണിയാർ സ്വദേശി രതീഷാണ് ഇയാൾക്ക് ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയത്. ജയിന്റെ സുഹൃത്ത് രഞ്ജിത്തും അറസ്റ്റിലായിട്ടുണ്ട്. ഇവർ ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെയും പീരുമേട് പോലീസിന്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്.
നാടൻതോക്കിൽ ഉപയോഗിക്കുന്ന മൂന്നു വെടിയുണ്ടകളും ഇവരിൽനിന്ന് പോലീസ് കണ്ടെത്തി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.