ഇതരസംസ്ഥാന യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം
1598481
Friday, October 10, 2025 5:18 AM IST
രാജാക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇതരസം സ്ഥാന യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം.
ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി സൂര്യനെല്ലി ഷണ്മുഖവിലാസം എസ്റ്റേറ്റിലെ തൊഴിലാളിയുമായ അഞ്ജു (32) ആണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി ഏഴോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
ആംബുലൻസ് ഡ്രൈവർ എൻ. നൈസൽ, എമർജൻസി മെഡിക്കൽ ടെക്നീഷൻ റാണി സരിത ഭായി എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി യുവതിയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. തുടർന്ന് റാണി സരിത ഭായി ആംബുലൻസിൽ തന്നെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
രാത്രി 7.45ന് യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തുടർന്നു ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.